Breaking

Wednesday, May 1, 2019

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനില്‍നിന്ന് പിടിച്ചെടുത്ത പണം കടത്തി: രണ്ട് എഎസ്‌ഐമാര്‍ അറസ്റ്റില്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഫാ. ആന്റണി മാടശ്ശേരിയിൽനിന്ന് പഞ്ചാബ് പോലീസ് പിടിച്ചെടുത്ത തുകയിൽനിന്ന് കോടികൾ കടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ അറസ്റ്റിലായി. പഞ്ചാബ് പോലീസിലെ എ.എസ്.ഐ മാരായ ജോഗീന്ദർ സിങ്, രാജ്പ്രീത് സിങ് എന്നിവരാണ് പിടിയിലായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് കൊച്ചി ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. ഈ മാസം ആദ്യംമുതൽ ഇവർ ഒളിവിലായിരുന്നു. അറസ്റ്റ് വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരിൽനിന്ന് നാല് ലക്ഷംരൂപ പിടിച്ചെടുത്തു.പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറും. 15 കോടിയോളം രൂപയാണ് ഫാ. ആന്റണിയിൽ നിന്ന് അടുത്തിടെ പഞ്ചാബ് പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തത്. റെയ്ഡിൽ പിടിച്ചെടുത്ത തുകയിൽ പോലീസ് തന്നെ തിരിമറി നടത്തിയെന്ന് ഫാ. ആന്റണി മാടശ്ശേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. 15 കോടി പിടിച്ചെടുത്തെങ്കിലും 9.66 കോടി മാത്രമാണ് പോലീസ് രേഖയിൽ കാണിച്ചിട്ടുള്ളതെന്നും ഫാ. ആന്റണി ആരോപിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷണം പുരോഗമിക്കവെയാണ് പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ കൊച്ചിയിൽ നിന്ന് പിടിയിലായത്. തിങ്കളാഴ്ചയാണ് ഇവർ ഫോർട്ട് കൊച്ചിയിൽ താമസം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലും നേപ്പാളിലും മുംബൈയിലും ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇവർ കൊച്ചിയിലെത്തിയത്. ആറ് കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. നാല് കോടിയോളം പാരീസിലെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും രണ്ടുകോടി അമേരിക്കയിലെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് ഇവർ പറയുന്നത്. നേപ്പാളിൽ എത്തിയശേഷം തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് മണിഗ്രാംവഴി പണം വിദേശത്തേക്ക് കടത്തിയെന്നാണ് അവകാശപ്പെടുന്നത്. Content Highlights:Punjab Police, Raid, Fr. Antony Madassery


from mathrubhumi.latestnews.rssfeed http://bit.ly/2vsbnXx
via IFTTT