ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമി ആഹാരം കഴിച്ചുവെന്നും സംസാരിക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ഇപ്പോള്‍. അതേസമയം, അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് അദ്ദേഹത്തെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയന്‍ ഓഫീസറായ ഫില്‍ ഗാഡെന്‍ അറിയിച്ചത്.
തിങ്കളാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടസ്ഥലത്തുനിന്ന് അഭിലാഷിനെ രക്ഷിച്ച ഫ്രഞ്ച് കപ്പലായ ഒസിരിസ് ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ആംസ്റ്റര്‍ഡാം തീരത്തടുത്തത്. പതിനൊന്നിന് അഭിലാഷിന്റെ എക്‌സ്‌റേയെടുത്തു. അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഇതേ ആശുപത്രിയിലാക്കിയിട്ടുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമിലേക്ക് നീങ്ങുന്ന ഐ.എന്‍.എസ്. സത്പുരയില്‍ അദ്ദേഹത്തെ മൗറീഷ്യസിലെത്തിക്കുമെന്ന് നിര്‍മല ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയോടെ സത്പുര ആംസ്റ്റര്‍ഡാമിലെത്തും. അതുവരെ ഒസിരിസ് ദ്വീപിന്റെ തീരത്തുതന്നെയുണ്ടാവും. ഓസ്‌ട്രേലിയന്‍ പടക്കപ്പലായ എച്ച്.എം.എ.എസ്. ബലാററ്റും ഇവിടേക്ക് നീങ്ങുന്നുണ്ട്. അഭിലാഷിന് എറ്റവും ഉചിതമായ ചികിത്സ നല്‍കുന്നതിന് എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2ObdJFm
via IFTTT