ഡിഎംകെയിൽ പുതിയ മാറ്റങ്ങൾക്ക് വഴിതെളിയിച്ച് സ്റ്റാലിൻ നേതൃത്വം. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ കാല്‍തൊട്ടു വന്ദിച്ച് ആദരവ് പ്രകടിപ്പിക്കേണ്ടെന്ന് അണികളോടു നേതൃത്വം നിര്‍ദേശിച്ചു. പകരം നേതാവിനോടു സ്‌നേഹത്തോടെ ‘വണക്കം’ എന്നു പറഞ്ഞാല്‍ മതി എന്നാണ് നിര്‍ദേശം. അത് സ്വാഭിമാനത്തിന് എതിരാണെന്നും ഡിഎംകെ അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്റ്റാലിനുള്‍പ്പെടെ നേതാക്കളെ പൂമാലകളും പൂച്ചെണ്ടുകളും പൊന്നാടകളും നല്‍കി ആദരിക്കുന്ന പതിവ് അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. പകരം, നേതാക്കള്‍ക്കു പുസ്തകങ്ങള്‍ നല്‍കാം. ഇവ പിന്നീട് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടുന്ന വിധം ലൈബ്രറികള്‍ക്കു നല്‍കാനാകും.
ദ്രാവിഡ മുന്നേറ്റത്തിന്റെ അടയാളമായ സ്വാഭിമാനം, നീരിശ്വരവാദം എന്നിവയ്ക്ക് എതിരാണ് നേതാവിന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. ഒരു നല്ല രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബഹുമാനിക്കാന്‍ നേരില്‍ കാണുമ്പോള്‍ സ്നേഹത്തോടെ ആശംസ (വണക്കം) നേരാമെന്നും ഡിഎംകെ ഹെഡ്ക്വാര്‍ട്ടേഴ്സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജനുവരിയില്‍ വര്‍ക്കംഗ് പ്രസിഡന്‍റ് ആയി ചുമതലയേറ്റ ഉടന്‍ തന്നെ സ്റ്റാലിന്‍ അണികള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഡിഎംകെ വ്യക്തമാക്കി.
ഗതാഗത തടസം സൃഷ്ടിക്കുന്ന, പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകളും മറ്റും ഉപേക്ഷിക്കണമെന്നും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി എഐഎഡിഎംകെ അണികള്‍ തുടര്‍ന്നു പോരുന്ന ശീലത്തെ അപ്പാടെ തള്ളുന്നതാണ് ഡിഎംകെയുടെ തീരുമാനം. അണ്ണാ ഡിഎംകെ നേതാവ് ജയലളിതയുടെ കാലില്‍ നേതാക്കള്‍ സാഷ്ടാംഗം പ്രണമിക്കുന്നതിനെ നേരത്തെ ഡിഎംകെ നേതൃത്വം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
from Anweshanam | The Latest News From India https://ift.tt/2C9X2Fx
via IFTTT