Breaking

Saturday, September 1, 2018

കെ.എസ്.ആര്‍.ടി.സി 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 250 എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവരോട് ഇനി ജോലിക്ക് ഹാജരാവേണ്ടതില്ല എന്ന നിർദേശം നൽകി. പതിനഞ്ച് വർഷത്തിലധികം സർവീസ് ഉള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ബസ്സുകളുടെ ബോഡി നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഇവരെ പിരിച്ചുവിട്ടത് എന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. എന്നാൽ വർക്ക്ഷോപ്പ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവർ എന്നും വാർത്തകളുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. എന്നാൽ എല്ലാ യൂണിറ്റുകളിലും നിർദേശം എത്തിയിട്ടുണ്ട്. ഇവരോട് ഇനി വരേണ്ടതില്ല എന്ന് വാക്കാൽ പറയുകയായിരുന്നു. വരുമാനമില്ലാതെ 40 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഈ പിരിച്ചുവിടൽ. ഇവരെ ഒഴിവാക്കുന്നതിലൂടെ ശമ്പള ഇനത്തിൽ 20 ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. ഡീസൽ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി. 185 കോടിയോളം കുടിശ്ശികയായി നൽകാനുണ്ട്. ടയർ കമ്പനികൾക്ക് 22 കോടിയും ബാധ്യതയായി നിൽക്കുന്നു. കുടിശ്ശിക കൂടിയതോടെ ഇന്ധന കമ്പനികൾ ഡീസൽ നൽകുന്നത് കുറച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. ഇത്തരംസാമ്പത്തിക ബാധ്യതകളാണ് കടുത്ത നടപടികളിലേക്ക് തിരിയാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2NDJi7e
via IFTTT