Breaking

Tuesday, November 16, 2021

കണ്‍മുന്നില്‍ വെട്ടേറ്റുവീണ ജീവിതപ്പാതി; താങ്ങാനാകാതെ അര്‍ഷിക

പാലക്കാട്: കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവൻ അർഷികയ്ക്ക്. കൺമുന്നിൽ വെട്ടേറ്റുവീണ ജീവിതപ്പാതി ജീവനോടെ തിരിച്ചുവരുമെന്നോർത്തുള്ള കാത്തിരിപ്പ്. അത് അസ്തമിച്ചപ്പോൾ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പ്... എലപ്പുള്ളിയിലെ വീട്ടിലെ മുറിയിൽ മരവിച്ച അവസ്ഥയിൽ ഒരേ ഇരിപ്പായിരുന്നു അവർ. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോൾ സമാധാനിപ്പിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് വൈകീട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തലയടിച്ച് കരഞ്ഞ അർഷികയെ സമാധാനിപ്പിക്കാൻ ആർക്കുമായില്ല. ഹരേ..രാമ പ്രാർഥനകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലിൽ കിടത്തിയപ്പോഴേക്കും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു. തിക്കുംതിരക്കുമായി. ഇതിനിടെ, സങ്കടം ഉള്ളിലൊതുക്കി മകനെ അവസാനമായി ഒരുനോക്ക് കാണാൻ അച്ഛൻ ആറുച്ചാമി എത്തി, മകന് അന്തിമോപചാരമർപ്പിച്ചു. മൃതദേഹവുമായി ആംബുലൻസ് വീട്ടുപടിക്കലെത്തിയതുമുതൽ കതകിൽത്താങ്ങി കരഞ്ഞ് തളർന്നുനിന്ന് അമ്മ. അമ്മ വിളിക്കുവാടാ പൊന്നുമോനേ, ഞാനിപ്പോ ആശുപത്രിയിൽ കൊണ്ടുപോകാമെടാ.. എന്ന് അമ്മയുടെ നിലവിളി. മൃതദേഹംകണ്ട് നിലത്തുവീണുകരഞ്ഞ അമ്മയെ തിരികെ വീട്ടിനുള്ളിലാക്കാൻ ഒപ്പമുണ്ടായിരുന്നവർ പാടുപെട്ടു. ഏഴരയോടെ മൃതദേഹം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ, സംസ്ഥാന ഖജാൻജി അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യർ, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാൽ, ദേശീയസമിതി അംഗം എൻ. ശിവരാജൻ, മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണൻ, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3kFuPKK
via IFTTT