Breaking

Saturday, November 20, 2021

മോഡലുകളുടെ മരണം: പെൺകുട്ടികൾ നിരസിച്ചത് ആഫ്റ്റർ പാർട്ടിയോ?

കൊച്ചി: മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ മരിച്ച കേസിൽ ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. പോലീസ് ചോദ്യംചെയ്ത്‌ വിട്ടയച്ച ഷൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പോലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ ഷൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും ഏന്തിനാണ് ഷൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് ഷൈജു. ഒക്ടോബർ 31-ന് ഹോട്ടൽ നമ്പർ 18-ൽ നടന്ന ഡി.ജെ. പാർട്ടിക്ക്‌ ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് പരിശോധിക്കും.വാരാന്ത്യങ്ങളിൽ നടക്കുന്ന ഡി.ജെ. പാർട്ടിയേക്കാൾ രഹസ്യ സ്വഭാവമുള്ളതാണ് ഇതിനുശേഷമുള്ള ‘ആഫ്റ്റർ പാർട്ടി’ എന്നറിയപ്പെടുന്ന ലഹരിവിരുന്നുകൾ. സിനിമ-രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിലെ പ്രമുഖരടക്കം ഇതിലുണ്ടാകാറുണ്ട്. ഡി.ജെ. പാർട്ടിയിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ആഫ്റ്റർ പാർട്ടിയിലേക്ക് ക്ഷണംകിട്ടുക. രാത്രി വൈകി നടക്കുന്ന രഹസ്യ ലഹരി പാർട്ടിയിലേക്ക് അടുപ്പക്കാർക്കേ കടന്നുചെല്ലാൻ സാധിക്കൂ.നമ്പർ 18 ഹോട്ടലിൽ വി.ഐ.പി.കൾക്കായി ആഫ്റ്റർ പാർട്ടിയൊരുക്കൽ പതിവായിരുന്നെന്നാണ് വിവരം. ഹോട്ടലിൽ തുടരാൻ താത്പര്യം കാണിക്കാതെ മടങ്ങിയ പെൺകുട്ടികളേയും സുഹൃത്തുക്കളേയുമാണ് ഷൈജു ആഡംബര കാറിൽ പിന്തുടർന്നത്. അപകടത്തിനുശേഷം ഷൈജു ഹോട്ടലുടമ റോയിയെ വിളിച്ച്‌ വിവരമറിയിച്ചിരുന്നു. അപകടമരണമായിട്ടും എന്തിനാണ് റോയി ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലുണ്ടായ സംഭവങ്ങളെ മറയ്ക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്നാണ് നിഗമനം.എക്സൈസ്, നർക്കോട്ടിക് സെൽ എന്നിവരിൽനിന്ന്‌ ഷൈജു മുൻപ് ലഹരിയിടപാട് കേസുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങളും തേടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3oE5PV2
via IFTTT