Breaking

Sunday, July 25, 2021

അന്ന് അമ്മയ്ക്കായി ഷൂട്ടിങ് കരിയര്‍ തന്നെ ഉപേക്ഷിക്കാനൊരുങ്ങി, ഇന്ന് ടോക്യോയിലെ ആദ്യ സ്വര്‍ണ ജേത്രി

ചൈനയിലെ നിങ്ബോ നഗരത്തിനടുത്തുള്ള യാങ്ജിയാനോങ് എന്ന ഗ്രാമത്തിലെ ഒരു 21-കാരി പെൺകുട്ടി അസുഖ ബാധിതയായ തന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനാണ് ടോക്യോയിലേക്ക് വിമാനം കയറിയത്. ശനിയാഴ്ച ടോക്യോയിലെ അസാക ഷൂട്ടിങ് റേഞ്ചിൽ അവളുടെ എയർ റൈഫിളിൽ നിന്നുള്ള അവസാന വെടിയുണ്ടയും ലക്ഷ്യം കണ്ടതോടെ അവൾ മുകളിലേക്ക് നോക്കി ഒരുനിമിഷം കണ്ണുകൾ ഇറുക്കിയടച്ചു. അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനായതിന്റെ സന്തോഷത്തിൽ. ആ പെൺകുട്ടിയുടെ പേര് യാങ് ക്വിയാൻ, ടോക്യോ ഒളിമ്പിക്സിലെ ആദ്യ സ്വർണ മെഡൽ ജേതാവ്. വെറുമൊരു സ്വർണ നേട്ടം മാത്രമായിരുന്നില്ല അത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ 251.8 പോയന്റോടെ ഒളിമ്പിക് റെക്കോഡും സ്വന്തമാക്കിയാണ് യാങ് തന്റെ അമ്മയ്ക്കരികിലേക്ക് മടങ്ങുക. ബെയ്ജിങ്ങിലെ സിങ്ഹ്വ യൂണിവേഴ്സിറ്റിയിൽ എകണോമിക്സ് ആന്റ് മാനേജ്മെന്റ് കോഴ്സിന് ചേർന്ന് അഞ്ചു മാസങ്ങൾക്ക് ശേഷമാണ് യാങ്ങിനെ പിടിച്ചുലച്ച സംഭവം ഉണ്ടാകുന്നത്. അമ്മ അസുഖ ബാധിതയാണെന്ന് അവൾ അറിയുന്നു. തുടർന്ന് തന്നെ പരിചരിക്കാനായി പഠനവും ഏറെ പ്രിയപ്പെട്ട ഷൂട്ടിങ് കരിയറും ഉപേക്ഷിക്കാനൊരുങ്ങിയ യാങ്ങിനോട് അമ്മ പറഞ്ഞത് ഇത്ര മാത്രമായിരുന്നു; അഞ്ചു നക്ഷത്രങ്ങളുള്ള ആ ചുവന്ന പതാക ഒളിമ്പിക് വേദിയിൽ ഉയർന്നു പറക്കുന്നത് കാണണം. അതാണ് എനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മരുന്ന്. അന്ന് യാങ് അമ്മയ്ക്ക് നൽകിയ വാക്കാണ് മാസങ്ങൾക്കിപ്പുറം ടോക്യോയിൽ പാലിക്കപ്പെട്ടത്. റഷ്യയുടെ അനസ്താസിയ ഗലാഷിന (251.1) ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് അവൾ ടോക്യോയിലെ ആദ്യ സ്വർണ മെഡൽ ജേത്രിയായത്. അനസ്താസിയയുടെ അവസാന ഷോട്ട് 8.9 പോയന്റിൽ ഒതുങ്ങിയപ്പോൾ തന്റെ അവസാന ഷോട്ടിൽ 9.8 പോയന്റ് സ്വന്തമാക്കിയായിരുന്നു യാങ്ങിന്റെ നേട്ടം. 2011-ൽ തന്റെ 11-ാം വയസിലാണ് യാങ് ഷൂട്ടിങ് പരിശീലനം ആരംഭിക്കുന്നത്. നിങ്ബോ സ്പോർട് സ്കൂളിലെ ഷൂട്ടിങ് പരിശീലകൻ യു ലിഹ്വയാണ് കുഞ്ഞ് യാങ്ങിലെ കഴിവുകൾ കണ്ടുപിടിച്ച് അവൾക്ക് പരിശീലനം നൽകിയത്. തൊട്ടടുത്ത വർഷം മുതൽ യാങ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനാരംഭിച്ചു. പിന്നീട് 2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് യാങ്ങിലെ ഷൂട്ടറുടെ കൃത്യത ലോകം മനസിലാക്കുന്നത്. പിന്നീട് ടോക്യോ ഒളിമ്പിക്സിനായുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് എന്ന വില്ലൻ യാങ്ങിനും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓൺലൈൻ ക്ലാസുകളും മറ്റുമായി മാസങ്ങളോളം വീടിനുള്ളിൽ ഒതുങ്ങിപ്പോയ അവൾ കൂടുതൽ കരുത്താർജിച്ചാണ് ഷൂട്ടിങ് റേഞ്ചിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ ആ 21-കാരി അമ്മയുടെ ആഗ്രഹം പോലെ ലോകത്തിനു മുന്നിൽ തന്നെ അടയാളപ്പെടുത്തിയിരിക്കുകയാണ്. Content Highlights: Tokyo 2020 Yang Qian the first gold medal winner at Tokyo


from mathrubhumi.latestnews.rssfeed https://ift.tt/3y3szkN
via IFTTT