ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി യുവാവ് അലൻ സ്റ്റാൻലിയുടെയും അമ്മ കോട്ടയം പാമ്പാടി സ്വദേശി ലിസിയുടെയും മൃതദേഹങ്ങൾ പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലെ ബുറാഡി സെമിത്തേരിയിൽ നടക്കും.രണ്ടാംഭർത്താവ് വിൽസൺ ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ തനിക്കെതിരേ നൽകിയിട്ടുള്ളത് കള്ളക്കേസാണെന്ന് ലിസി ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് അറിയുന്നു. ഇതിനിടെ, സെന്റ് സ്റ്റീഫൻസ് കോളേജിലെ അധ്യാപകനായ അലൻ സ്റ്റാൻലിയുടെയും അമ്മയുടെയും മരണത്തിനിടയാക്കിയത് ചില മാധ്യമങ്ങളിൽവന്ന വാർത്തകളാണെന്ന് കുറ്റപ്പെടുത്തി സുഹൃത്തുക്കളിൽ ചിലർ രംഗത്തെത്തി.രണ്ടാം ഭർത്താവ് വിൽസന്റെ മരണത്തിൽ ലിസിക്കെതിരേ വിൽസന്റെ ബന്ധുക്കൾ നൽകിയ കേസിൽ അന്വേഷണം നടക്കുമ്പോഴാണ് ഇരുവരുടെയും മരണം. തൊടുപുഴയിലെ വീട്ടിൽ കഴിഞ്ഞ ഡിസംബർ 31-നാണ് വിൽസണെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മക്കൾക്കൊപ്പം ലിസി പള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. തൂങ്ങിമരിച്ചതാണെന്ന വിവരം തന്നിൽനിന്നു മറച്ചുവെച്ചെന്ന് ലിസി അന്നത്തെ ഇടുക്കി എസ്.പി. കെ.ബി.വേണുഗോപാലിന് നൽകിയ പരാതിയിൽ പറയുന്നു. തൂങ്ങിമരിച്ചനിലയിലാണ് ലിസിയെ കണ്ടെത്തിയത്. വായിൽ തുണി തിരുകിയിരുന്നു. അതിനാലാണ് അസ്വാഭാവികമരണത്തിന് കേസെടുത്തത്. ലിസിയുടേത് അസ്വാഭാവിക മരണമാണെന്ന് പോലീസ് നിഗമനമുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ സ്ഥിരീകരണമായിട്ടില്ല. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലക്കേസുമായി വിൽസന്റെ മരണത്തെ ബന്ധപ്പെടുത്തി ചില പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും വാർത്തവന്നത് ഇരുവർക്കും കടുത്ത മനോവേദന ഉണ്ടാക്കിയെന്ന് സുഹൃത്തുക്കൾ കുറ്റപ്പെടുത്തുന്നു. ഈ മാസം 15 മുതൽ 18 വരെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. അതിനുശേഷം അലൻ തങ്ങളുടെ ഫോണുകളൊന്നും എടുക്കാതെയായെന്ന് സുഹൃത്തുക്കളിലൊരാളായ രാജീവ് ജെറാൾഡ് പെരേര സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ആറുമാസമായി രണ്ടാനച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കേസ് നിയമപരമായി നേരിടാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകളും മാനഹാനിയും അവർക്കു സഹിക്കാനായില്ല. ഡൽഹിയിലുള്ള സുഹൃത്തുക്കൾ അടുത്തെത്തിയപ്പോൾ ഇരുവരും വല്ലാത്ത അവസ്ഥയിലായിരുന്നെന്നും ജെറാൾഡ് വിവരിച്ചു. 19-ന് അവരെ മരിച്ചനിലയിൽ കണ്ടെത്തി. അലന്റെ മരണവാർത്ത ഞെട്ടിച്ചെന്ന് സെന്റ് സ്റ്റീഫൻസിലെ അധ്യാപിക പ്രൊഫ. നന്ദിതാ നരെയ്ൻ പറഞ്ഞു. കേസിനെച്ചൊല്ലിയുള്ള മാധ്യമവിചാരണ ദൗർഭാഗ്യകരമായ സംഭവത്തിനു വഴിവെച്ചെന്ന് ഡൽഹി സർവകലാശാലയിലെ മറ്റൊരു പ്രൊഫസർ അഭിപ്രായപ്പെട്ടു. അലൻ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കോളേജിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. മൂത്തസഹോദരൻ എതിർത്തിട്ടും അമ്മയ്ക്ക് പുനർവിവാഹം നടത്താൻ അലനാണ് മുൻകൈയെടുത്തത്. എന്നാൽ, കൂടത്തായി കേസുമായി ബന്ധപ്പെടുത്തി അമ്മയ്ക്കെതിരേവന്ന വാർത്തകൾ അലനെ വിഷാദത്തിലാക്കി-പേരു വെളിപ്പെടുത്താതെ മറ്റൊരു സുഹൃത്ത് പറഞ്ഞു. സാമ്പത്തിക ആർത്തിയുള്ള വ്യക്തിയായിരുന്നില്ല അലനെന്ന് സഹപ്രവർത്തകനായ മറ്റൊരു പ്രൊഫസറും അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Jbu4WW
via
IFTTT