പേരാമംഗല്ലൂർ മനയിൽ കുപ്പിയിൽ ഉണക്കി സൂക്ഷിച്ച നിലമാങ്ങ കോട്ടയ്ക്കൽ: പേരിൽ മാങ്ങയുണ്ടെങ്കിലും നിലമാങ്ങ മാങ്ങയല്ല! മണ്ണിനടിയിലും ചിതൽപ്പുറ്റുകളിലും കാണുന്ന ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് നിലമാങ്ങയെന്ന പേരുവന്നത്. ഇന്ന് അത്യപൂർവമായ ഈ കൂൺ അധികംപേരും കണ്ടിട്ടുണ്ടാവില്ല. കാണണമെന്നുള്ളവർക്ക് പട്ടാമ്പി ഓങ്ങല്ലൂരിലുള്ള പേരാമംഗല്ലൂർ മനയിൽ വരാം, കുപ്പിയിൽ ഉണക്കി സൂക്ഷിച്ച നിലമാങ്ങ കാണാം. രണ്ടുവർഷംമുമ്പ് ഇവിടുത്തെ ഭദ്രകാളീക്ഷേത്രം പുനർനിർമിക്കാനായി മണ്ണ് കീറിയപ്പോഴാണ് നിലമാങ്ങ കിട്ടിയതെന്ന് മനയിലെ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. അന്ന് നാട്ടിലെ പഴയ വൈദ്യനെക്കണ്ട് അത് നിലമാങ്ങയാണെന്ന് ഉറപ്പിച്ചു. അപൂർവ വസ്തുവായതുകൊണ്ട് സൂക്ഷിച്ചുവെച്ചു. കഴിഞ്ഞയാഴ്ച മാമാങ്കം എന്ന യാത്രാക്കൂട്ടായ്മ മന കാണാൻ വന്നിരുന്നു. ആ സംഘത്തിലെ സായിനാഥ് മേനോൻ ഇതിന്റെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടു. അപ്പഴാ 'ഇവൻ' വാർത്തയായത്-പരമേശ്വരൻ നമ്പൂതിരി വിശദീകരിച്ചു. സായിനാഥിന്റെ പോസ്റ്റിൽ നിലമാങ്ങയെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങളും നൽകിയിരുന്നു-വയനാട് പുത്തൂർ വയലിലെ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'ഔഷധക്കൂണുകൾ' എന്ന പുസ്തകത്തിൽനിന്നാണ് വിവരങ്ങൾ എടുത്തത്. ചിതൽക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. സ് ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (sclerotium stipitatum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്. മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽനിന്ന് കറുത്ത പൊടികളോടു കൂടിയ നാരുകൾ(മൈസീലിയം) പൊന്തിവരാറുണ്ട്. ഇത് നിലമാങ്ങയിൽനിന്നുവരുന്നതാണ്. ഔഷധക്കൂണുകൾ എന്ന പുസ്തകത്തിൽ നിലമാങ്ങയുടെ ചിത്രം ചുമ, മഞ്ഞപ്പിത്തം, വയറുവേദന, ചെവിവേദന, നേത്രരോഗങ്ങൾ, ഛർദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങയെന്ന് ഇതിൽ പറയുന്നു. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന കണ്ടെത്തലും 'ഔഷധക്കൂണുകളി'ൽ വായിക്കാം. content highlights:sclerotium stipitatum,nilamanga
from mathrubhumi.latestnews.rssfeed https://ift.tt/2IZhhH2
via
IFTTT