വാഷിങ്ടൺ: പ്രസിഡന്റെ ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം പ്രഖ്യാപിച്ച് സ്പീക്കർ നാൻസി പെലോസി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ എതിരാളികൾക്കെതിരെ നടപടിയെടുക്കാൻ വിദേശരാജ്യത്തിന്റെ സഹായം തേടിയതിന്റെ പേരിലാണ് ട്രംപിനെതിരെ യുഎസ് പ്രതിനിധിസഭ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങുന്നത്. പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് വിജയത്തിനായി വിദേശ രാജ്യത്തിന്റ സഹായം തേടിയെന്നാണ് ട്രംപിനെതിരായ ആരോപണം. താൻ വഹിക്കുന്ന സ്ഥാനത്തോട് കാട്ടുന്ന വിശ്വാസവഞ്ചനയാണിതെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും അദ്ദേഹത്തിന്റെ മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടു എന്നതാണ് ട്രംപിനെതിരായ ആരോപണം. ഇതിനു പകരമായി, ഉക്രൈന് 400 ദശലക്ഷം യുഎസ് ഡോളർ സൈനിക സഹായം വാഗ്ദാനം ചെയ്തെന്നും പരാതിയുണ്ട്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസിനു മുന്നിലെ ലാഫെയ്റ്റി സ്ക്വയർ പാർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധപരിപാടി. ഫോട്ടോ: എ.പി ഒരു അമേരിക്കൻവിസിൽബ്ലോവർ ആണ് ട്രംപ് നടത്തിയ ഇത്തരമൊരു നീക്കത്തെക്കുറിച്ച് പരാതിപ്പെട്ടത്. ഇതോടെ സംഭവം വിവാദമാവുകയും ഡെമോക്രാറ്റുകൾ വിഷയം ഏറ്റെടുക്കുകയുമായിരുന്നു. രാജ്യത്തിനുള്ളിൽത്തന്നെയുള്ള രാഷ്ട്രീയ എതിരാളിയെ നേരിടുന്നതിന് വിദേശ ശക്തികളുടെ സഹായം തേടിയത് ഗുരുതരമായ അധികാര ദുരുപയോഗമാണെന്ന് ഇവർ ആരോപിക്കുന്നു. അതേസമയം, തന്നെ മനഃപൂർവം വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഡെമോക്രാറ്റിക് പാർട്ടി ഇംപീച്ച്മെന്റ് നടപടികൾക്കൊരുങ്ങുന്നതെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം നീക്കങ്ങൾ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഉക്രൈൻ പ്രസിഡന്റുമായുള്ള ടെലഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനായി വിദേശ സഹായം സ്വീകരിച്ചതിന്റെ പേരിൽ നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുയർന്നിട്ടുണ്ട്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹിലരി ക്ലിന്റണെതിരെ പ്രചാരണം നടത്തുന്നതിന് ട്രംപ് റഷ്യയുടെ സഹായം സ്വീകരിച്ചതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരെ തനിക്ക് അനുകൂലമാക്കുന്നതിനാണ് അടുത്തിടെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ ട്രംപ് മോദിക്കൊപ്പം പങ്കെടുത്തതെന്നും ആരോപണം ഉയർന്നിരുന്നു. Content Highlights:Impeachment Probe Against Trump- Speaker Pelosi
from mathrubhumi.latestnews.rssfeed https://ift.tt/2lwir4d
via
IFTTT