കൊച്ചി: സംസ്ഥാനത്ത് സൈബർ കേസുകളുടെ എണ്ണം വർഷംതോറും വർധിക്കുന്നു. കഴിഞ്ഞവർഷം ആകെ 439 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഈവർഷം സെപ്റ്റംബർ തീരുംമുന്നേ ഇത് 391 ആയി. 2016-ൽ കേരളത്തിൽ 276 സൈബർ കേസുകളാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തവർഷം 288 ആയി. ഐ.ടി. ആക്ട് അനുസരിച്ചുമാത്രം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണിത്. സൈബർ പരാതികളുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ പത്തുശതമാനം മാത്രമാണ് ഇതെന്ന് സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി. മനോജ് എബ്രഹാം മാതൃഭൂമിയോട് പറഞ്ഞു. നഗ്നചിത്രങ്ങൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കൽ, സൈബർ ഇടത്തിൽ അസഭ്യംപറഞ്ഞ് അധിക്ഷേപിക്കൽ, സ്ത്രീകളോട് മോശമായി പെരുമാറൽ തുടങ്ങിയ പരാതികളിൽ ഭൂരിപക്ഷം പേർക്കും കേസുമായി പോകാൻ താത്പര്യമില്ല. പ്രതിയെ പോലീസ് ചോദ്യംചെയ്ത് വിടണം എന്നാവും ഇവരുടെ അഭ്യർഥന. സാമ്പത്തിക തട്ടിപ്പുകളാണ് കൂടിവരുന്ന മറ്റൊരു വിഭാഗം. വ്യാജസന്ദേശങ്ങൾക്ക് തലവെച്ച് പണം പോകുന്നവരേറെ. നാണക്കേടുകൊണ്ട് കേസാക്കാൻ മടിക്കുന്നവരും കൂടുതലാണ്. ഭവനഭേദനം, മാലപൊട്ടിക്കൽ തുടങ്ങിയവ കുറയുകയും സൈബർ ലോകത്ത് തട്ടിപ്പുകൾ കൂടുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മനോജ് എബ്രഹാം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2lmRFLK
via
IFTTT