Breaking

Tuesday, September 10, 2019

ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസും; രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കുന്നു

ന്യൂഡൽഹി: തിരിച്ചുവരവിനായി സംഘടനാ സംവിധാനത്തിൽ ആർ.എസ്എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്. തുടർച്ചയായുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളെ തുടർന്ന് ബഹുജന സമ്പർക്ക പരിപാടികൾ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. ഇതിനായി പ്രവർത്തകർക്ക് പരിശീലനവും ഉത്തേജനവും നൽകുന്നതിന് ആർഎസ്എസ് മാതൃകയിൽ രാജ്യത്തൊട്ടാകെ പ്രേരക്മാരെ നിയമിക്കുന്നതിനുള്ള നിർദേശമാണ് ഉയർന്നുവന്നിരിക്കുന്നത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവർത്തകരെ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുകയാണ് പ്രേരക്മാരുടെ പ്രധാന ദൗത്യം. താഴെ തട്ടിൽ ജനങ്ങളുമായി ഇടപഴകാൻ പ്രവർത്തകരെ സജ്ജരാക്കുകുയും ഇവരുടെ ദൗത്യത്തിൽപ്പെട്ടതാണ്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളായ ആർഎസ്എസിന് തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രചാരകരും മുഴുവൻ സമയ പ്രവർത്തകരുമുണ്ട്. ശാഖകളും മറ്റും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിന് ഇവർക്ക് വിലക്കുണ്ട്. എന്നാൽ കോൺഗ്രസ് നിയമിക്കുന്ന പ്രേരക്മാർക്ക് അത്തരത്തിൽ വിലക്കുണ്ടാവില്ല. ഈ മാസം മൂന്നിന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് പ്രേരക് എന്ന ആശയം ഉയർന്നുവന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ആർഎസ്എസിന്റെ ജനകീയ സമ്പർക്ക മാതൃക സ്വീകരിക്കണമെന്ന് അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ തരുൺ ഗൊഗോയി മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിൽപശാലയിൽ സമാനമായൊരു ആശയം ഉയർന്നുവന്നിരിക്കുന്നത്. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരേയും മെച്ചപ്പെടുത്തുന്നത് ഒരു പാർട്ടിയുടെ അടിസ്ഥാന ആവശ്യമാണെന്നും അതിന് പ്രേരണ നൽകുന്ന ഒരു സ്ഥാപന ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ശിൽപശാല അടിവരയിടുന്നു. കോൺഗ്രസിനോട് ചോദ്യം ചെയ്യാപ്പെടാനാവത്ത പ്രതിബദ്ധതയുള്ളവരും പ്രവർത്തകരെ മനസ്സിലാക്കാൻ ശേഷിയുള്ളവരും അവരുടെ ബഹുമാനം നേടുന്നവരുമായിരിക്കണം പ്രേരക്മാരായി നിയമിക്കേണ്ടത്. കൂടാതെ ഗ്രൂപ്പുകൾക്കതീതമായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നവരായിരിക്കണമെന്നും പറയുന്നു. മൂന്ന് മാസത്തോളം പ്രേരക്മാരുടെ പ്രവർത്തനം കടുത്ത നിരീക്ഷണത്തിലാകും അത് കഴിഞ്ഞിട്ടാകും അവരെ സ്ഥിരപ്പെടുത്തുന്നത്. പാർട്ടി ഓഫീസുകളിൽ എല്ലാമാസവും അവലോകനങ്ങളും നടത്തും. പ്രേരക്മാരാകാൻ അനുയോജ്യമായവരുടെ പട്ടിക തയ്യാറാക്കി നൽകാൻ സംസ്ഥാന കമ്മിറ്റികളോട് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 12-ന് എഐസിസി ജനറൽ സെക്രട്ടറിമാർ,സംസ്ഥാന ചുമതലയുള്ള നേതാക്കൾ, സംസ്ഥാന അധ്യക്ഷൻമാർ എന്നിവരുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചകളുണ്ടാകും. Content Highlights:Congress to appoint preraks on RSS model


from mathrubhumi.latestnews.rssfeed https://ift.tt/2A648XO
via IFTTT