Breaking

Tuesday, September 10, 2019

പോക്കറ്റ് കാലിയാക്കുന്ന പിഴ; പിന്‍മാറാന്‍ കേരളത്തിന് കടമ്പകളേറെ...

തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിലെ ഉയർന്ന പിഴ ഈടാക്കുന്നതിൽനിന്ന് പിന്മാറാൻ സംസ്ഥാനത്തിന് കടമ്പകളേറെ. വിവിധ കുറ്റങ്ങൾക്ക് മിനിമം പിഴ മുതൽ പരമാവധി ഈടാക്കാവുന്ന തുകവരെയാണ് നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. എത്രരൂപ ഈടാക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്. ഉദാഹരണത്തിന് പരിശോധനാ സമയത്ത് ഉദ്യോഗസ്ഥരോട് സഹകരിക്കാതിരിക്കുകയോ രേഖകൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്താൽ 500 മുതൽ 2000 രൂപ വരെ പിഴയീടാക്കാം. ഇതിൽ എത്ര ഈടാക്കണമെന്ന് സർക്കാരിന് തീരുമാനിക്കാം. എന്നാൽ, മിനിമം പിഴയായ അഞ്ഞൂറിൽ കുറയ്ക്കാനാകില്ല. മിനിമം പിഴ കുറയ്ക്കണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ ഇതുസാധ്യമാകൂ. ഇത്തരമൊരു കീഴ്വഴക്കം സാധാരണ ഉണ്ടാകാറില്ല. സംസ്ഥാനങ്ങൾക്ക് അവരവരുടെ ഇഷ്ടമനുസരിച്ച് കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രം അനുവദിക്കുകയില്ല. പാർലമെന്റിലും രാജ്യസഭയിലും ഏറെ ചർച്ചകൾക്ക് ശേഷമാണ് മോട്ടോർവാഹന നിയമഭേദഗതി നടപ്പായത്. സംസ്ഥാനത്തിന് മാത്രമായി പിന്മാറാൻ കഴിയില്ല. അവശ്യസാധന നിയമത്തിൽ ഭേദഗതിക്കുവേണ്ടി സംസ്ഥാനം അപേക്ഷിച്ചിട്ടും അനുമതി ലഭിച്ചില്ല. കേന്ദ്രനിയമത്തിന് എതിരായി നിയമനിർമാണം നടത്തിയാലും നിലനിൽക്കില്ല. ബംഗാൾ, തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ മോട്ടോർവാഹന നിയമഭേദഗതി നടപ്പാക്കിയിട്ടില്ല. നിയമത്തിന് അനുസൃതമായി കേന്ദ്രവും ചട്ടം ഇറക്കാറുണ്ട്. നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രചട്ടം നിലവിൽവരുംവരെ മാത്രമേ സാവകാശം ലഭിക്കൂ. അതിനുശേഷം സ്വന്തമായി ചട്ടമുണ്ടാക്കുകയും ഭേദഗതി നടപ്പാക്കേണ്ടിയുംവരും. ഭേദഗതി നിലവിൽവന്നയുടൻ ഉയർന്ന പിഴയീടാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ട് കേരളം വിജ്ഞാപനം ഇറക്കുകയും ചെയ്തു. അപകടനിരക്ക് ഏറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അപകടങ്ങൾ കുറയ്ക്കാൻവേണ്ടി സുപ്രീംകോടതി നിർദേശിച്ച പ്രത്യേകസമിതി ഇക്കാര്യം പരിശോധിക്കുന്നുണ്ട്. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും നടപടി സമിതി നിരീക്ഷിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തുന്നതാണ് അപകടനിരക്ക് ഉയർത്തുന്നതെന്നാണ് സുപ്രീംകോടതി സമിതിയുടെ നിഗമനം. പിഴയിൽ ഇളവുവേണമെന്ന നിർദേശം കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടാം. നടപ്പാക്കാതിരിക്കാൻ കഴിയില്ല കേന്ദ്ര നിയമഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാകില്ല. ചട്ടമുണ്ടാക്കാം. എന്നാൽ അത് കേന്ദ്ര നിയമഭേദഗതിക്ക് എതിരാകാൻ പാടില്ല. കേന്ദ്രനിമയത്തിൽ പറഞ്ഞിട്ടുള്ള മിനിമം പിഴയിൽ കുറയ്ക്കാനാകില്ല. ഓർഡിനൻസിനും നിയമസാധുത കിട്ടില്ല. - ജസ്റ്റിസ് ബി. കെമാൽപാഷ Content Highlights;kerala government trying to withdraw huge traffic fines


from mathrubhumi.latestnews.rssfeed https://ift.tt/2ZUdLHw
via IFTTT