ദുബായ്: പത്തനംതിട്ടക്കാരിയായ 52 വയസ്സുള്ള വത്സല വർഗീസിന് മക്കൾക്കുവേണ്ടി കുറച്ചുകാലത്തേക്കെങ്കിലും സ്വന്തം ജീവൻ നിലനിർത്തിയേതീരൂ. അതിന് മരുന്നുവേണം, നല്ല ചികിത്സ വേണം, ഹൃദയശസ്ത്രക്രിയ ചെയ്യണം. കൂടാതെ, മകനെ ജയിലിൽനിന്ന് പുറത്തിറക്കാനുള്ള സഹായം വേണം. മക്കൾക്ക് ജോലിയും വേണം. വത്സലയുടെ സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. യു.എ.ഇ.യിലെ മനസ്സലിവുള്ള ചില സാമൂഹികപ്രവർത്തകരുടെ സഹായത്താലാണ് ജീവിതം. 1989-ൽ വിവാഹശേഷമാണ് വത്സല വർഗീസ് ഷാർജയിലെത്തുന്നത്. സ്വന്തമായി വർക്ഷോപ്പ് നടത്തുകയായിരുന്നു ഭർത്താവ് വർഗീസ്. ഷാർജയിലെതന്നെ ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് ടെക്നീഷ്യൻ ആയി വത്സലയ്ക്ക് ജോലി ലഭിച്ചു. സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം മനസ്സിലുദിച്ചപ്പോൾ 2006-ൽ ഒരു കോൺട്രാക്ടിങ് കമ്പനി വത്സല തുടങ്ങി. ഭാര്യയുടെ മിടുക്കും ആത്മവിശ്വാസവും കണ്ടപ്പോൾ വർഗീസ് തന്നെയാണ് പിന്തുണയും സഹായവും നൽകിയത്. രണ്ടുപേരുടെയും ബിസിനസ് നല്ലരീതിയിൽ മുന്നോട്ടുപോകവേയാണ് അതേവർഷംതന്നെ വർഗീസിന് വാഹനാപകടം സംഭവിക്കുന്നത്. വർഗീസിന്റെ ശരീരം തളർന്നു. അപകടത്തെത്തുടർന്ന് മാനസികപ്രശ്നങ്ങളുണ്ടായ വർഗീസിന് ചികിത്സയൊന്നും ഫലപ്രദമായില്ല. തുടർചികിത്സയ്ക്കായി വർഗീസിനെ നാട്ടിലേക്ക് കൊണ്ടുപോയി. ചികിത്സച്ചെലവിനും ജീവിതമാർഗത്തിനുമായി വത്സല യു.എ.ഇ.യിൽ തുടർന്നു. പക്ഷേ, കുടുംബത്തിനുണ്ടായ തകർച്ച വത്സലയെ ബാധിച്ചത് ഹൃദ്രോഗത്തിന്റെ രൂപത്തിലായിരുന്നു. തുടർന്ന് അൽ ഖാസിമി ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്തു. തിരികെ ജീവിതത്തിലേക്ക് മടങ്ങിവന്ന് ബിസിനസ് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് അടുത്ത ആഘാതം. 2011-ൽ ഒരു സുഹൃത്ത് വത്സലയുടെ 13 ലക്ഷം രൂപയുമായി രാജ്യംവിട്ടു. അതോടെ സാമ്പത്തികപ്രതിസന്ധി കടുത്തു. കമ്പനിയിൽ പ്രശ്നങ്ങൾ തുടങ്ങി. ഉള്ളതെല്ലാം വിറ്റുപെറുക്കി കൊടുക്കാനുള്ളവർക്ക് കൊടുത്തു. ജീവനക്കാരെ എല്ലാ ആനുകൂല്യവും നൽകി നാട്ടിലേക്കയച്ചു. ഏറെ താമസിയാതെ കമ്പനിയിൽനിന്ന് വത്സലയുടെ പേരിൽ നൽകിയിരുന്ന ചെക്കുകൾ ഓരോന്നായി മടങ്ങാൻ തുടങ്ങി. അതോടെ ചെക്കുകേസുകൾ കുമിഞ്ഞു. പത്തോളം കേസുകൾ വത്സലയുടെ പേരിൽ നിലവിലുണ്ട്. കേസുകളുണ്ടായിരുന്നിട്ടും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാനായി 2011-ന് ശേഷം വത്സല ചെറിയ ജോലികൾക്ക് പോയിത്തുടങ്ങിരുന്നു. പക്ഷേ, ആരോഗ്യപ്രശ്നങ്ങൾ ഏറിയപ്പോൾ ജോലി നിർത്തി. 2016-ൽ വീണ്ടും ഹൃദയം പിണങ്ങി. ദുബായ് ആശുപത്രിയിൽ വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്തു. എത്രയും വേഗം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ ചെയ്യണം എന്ന നിർദേശവും വന്നു. പക്ഷേ, പണമില്ലാത്തതിനാൽ ആശുപത്രിവിട്ടു. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് അന്ന് പുറത്തിറങ്ങിയത്. മൂത്ത മകൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിച്ചതാണ്. ഇപ്പോൾ 28 വയസ്സുണ്ട്. പക്ഷേ, രണ്ടുമാസംമുമ്പ് വിസ തീർന്ന് നാട്ടിലേക്ക് പോകേണ്ടിവന്നു. യു.എ.ഇ.യിലേക്ക് മടങ്ങിവരാൻ കഴിയാത്ത ചെറിയ സാമ്പത്തിക കേസും അയാളുടെ നിലവിലുണ്ട്. രണ്ടാമത്തെ മകന് 25 വയസ്സ്. ബി.ബി.എ. പഠനം മുഴുമിപ്പിക്കാനായില്ല. എങ്കിലും ദുബായിലൊരു കമ്പനിയിൽ ചെറിയ ശന്പളത്തിൽ ജോലിചെയ്തുവരുകയായിരുന്നു. ആറുമാസം മുമ്പുവരെ ഈ മകനായിരുന്നു വത്സലയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അവന്റെ വരുമാനത്തിലായിരുന്നു ജീവിതം മുന്നോട്ടുനീക്കിയതും. എന്നാൽ, ജോലി ചെയ്തിരുന്ന കമ്പനിയുടെ ഡ്രൈവറായ പാകിസ്താനിയെ ചില കേസിൽപ്പെട്ട് പോലീസ് പിടിച്ചപ്പോൾ കൂടെ വാഹനത്തിൽ ഓഫീസിലേക്ക് പോകുകയായിരുന്ന ആ മകനും ജയിലിലായി. ചില സാമൂഹികപ്രവർത്തകർ ഇടപെട്ട് ഇറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മകൾ കൊച്ചിയിൽ ഫാഷൻ ഡിസൈനിങ് പഠിച്ചെങ്കിലും ജോലിയില്ല. ഏഴുവർഷമായി അമ്മയും മകളും പരസ്പരം കണ്ടിട്ട്. കഴിഞ്ഞവർഷം വത്സലയ്ക്ക് പക്ഷാഘാതം വന്നു. അന്ന് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് ഹൃദയശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടത്തിലാകുമെന്ന പതിവ് നിർദേശവും വന്നു. അന്നും ആശുപത്രിയിൽനിന്ന് മടങ്ങി. ഇക്കഴിഞ്ഞ ജൂലായിൽ വീണ്ടും ഹൃദ്രോഗബാധ. ദുബായ് ആശുപത്രിയിൽ ആയിരുന്നു ഇത്തവണ ചെന്നത്. ഇനിയൊന്നും ചെയ്യാനാകാത്തവിധം ഹൃദയത്തിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നറിഞ്ഞു. സ്വന്തം നിർബന്ധത്തിന് സുഹൃത്തിന്റെകൂടി കാരുണ്യത്താൽ വത്സല ആശുപത്രി വിട്ടു. ഒന്നരമാസമാണ് ഡോക്ടർമാർ ഹൃദയശസ്ത്രക്രിയ നടത്താനുള്ള കാലാവധി നൽകിയിരിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ ഹൃദയം മാറ്റിവെക്കേണ്ടിവരും. അല്ലെങ്കിൽ ഹൃദയം നിന്നുപോകും. ഒരു സുഹൃത്തിനൊപ്പം ഖിസൈസിൽ ആണ് ഇപ്പോൾ താമസം. സുഹൃത്തിനും ജോലിയില്ല. കൈയിലുള്ള പണം തീർന്നു. താമസവാടക നൽകാൻ നിവൃത്തിയില്ല. വത്സലയ്ക്കുള്ള മരുന്നും ചികിത്സയും ഭക്ഷണവും ഒഴിവാക്കാനാവില്ല. ആവശ്യത്തിന് മരുന്നില്ല. ഒരുദിവസംപോലും വത്സലയ്ക്ക് മരുന്ന് കഴിക്കാതിരിക്കാനുമാവില്ല. സഹായിക്കാൻ ആരുമില്ല. വത്സലയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയം സുഹൃത്തിനുണ്ട്. ഇന്ത്യൻ കോൺസുലേറ്റിൽ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതുവരെ നടപടിയുണ്ടായിട്ടില്ല. തന്റെ ദുരവസ്ഥ പുറത്തുപറയാൻ ആദ്യമെല്ലാം വത്സലയ്ക്ക് ഭയമായിരുന്നു. ഇപ്പോൾ ആളുകളെ കണ്ടാൽ ഏങ്ങലടിക്കും. ഒന്നരമാസത്തിനുള്ളിൽ താനെങ്ങനെ ശസ്ത്രക്രിയ നടത്തും. എങ്ങനെ മക്കളെ സംരക്ഷിക്കും. മകനെ എങ്ങനെ പുറത്തിറക്കും. തനിക്കെന്തെങ്കിലും സംഭവിച്ചാൽ മക്കളുടെ ഭാവി തീരും -വത്സല ഏങ്ങലടിച്ചുകൊണ്ട് പറയുന്നു. അതിനുമുമ്പ് മക്കൾക്ക് ജോലി വേണം. അതോടെ പ്രശ്നങ്ങൾ കുറച്ചെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. നാട്ടിലെത്തിയാൽ സഹായിക്കാൻ ആളുകളുണ്ടെന്ന് വത്സല പറയുന്നു. എന്നാൽ, നാട്ടിലേക്ക് പോകണമെങ്കിൽ പേരിലുള്ള പത്തോളം കേസുകൾ തീരണം. അതിന് നാലരലക്ഷം ദിർഹം വേണം. ഏഴ് വർഷമായി വിസയുമില്ല. ഒന്നരമാസത്തിനുള്ളിൽ ഇതെല്ലാം എങ്ങനെ തീർക്കുമെന്ന് വത്സലയ്ക്കറിയില്ല. സഹായിക്കാൻ സന്മനസ്സുള്ളവരുടെ സഹായം ഈ അമ്മയ്ക്ക് ഇപ്പോൾ കൂടിയേ തീരൂ. യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന സാമൂഹികപ്രവർത്തകൻ അമ്മന്നൂർ ഷാജി വടക്കേക്കാട് വഴി വത്സലയ്ക്കുള്ള അത്യാവശ്യ മരുന്നുകൾ നൽകി. പക്ഷേ, അതുകൊണ്ട് തീരുന്നില്ല വത്സലയുടെ പ്രശ്നങ്ങൾ. വിവരങ്ങൾക്ക് ജെ.ജെ. ജലാലിനെ ബന്ധപ്പെടാം: 056 2345252.
from mathrubhumi.latestnews.rssfeed https://ift.tt/2LCP9tI
via
IFTTT