തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് ഗവർണർ പി. സദാശിവം. അതിലെന്തെങ്കിലും പരാതിയുള്ള വ്യക്തികൾക്കോ രാഷ്ട്രീയപ്പാർട്ടികൾക്കോ കോടതിയെ സമീപിക്കാനാകും. സുപ്രീംകോടതിയുടെ ശബരിമലവിധിയിൽ സർക്കാരിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലവിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹർജികൾ നിലനിൽക്കുന്നതിനാൽ അതേക്കുറിച്ച് സംസാരിക്കുന്നത് േകാടതിയലക്ഷ്യമാകുമെന്നും ഗവർണർ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുമ്പ് രാജ്ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന്റെ സ്വതന്ത്രസ്വഭാവത്തിന് ഇന്നെന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരുടെ ജോലിവിഭജനം ഓരോരുത്തരുടെയും വൈദഗ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിർവഹിക്കുന്നത്. പുറത്തുനിൽക്കുന്നവർക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രശ്നം. അവരാണ് വിവാദമുണ്ടാക്കുന്നത്. കൊളീജിയത്തിൽ ചർച്ചയാകാത്ത കാര്യങ്ങളും അടുത്തദിവസം മാധ്യമങ്ങളിൽ വാർത്തയാകുന്നു. ഇത് നല്ല പ്രവണതയല്ല. ഗവർണർമാർക്ക് കേന്ദ്രസർക്കാരിന്റെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്നുവെന്ന വിമർശനവും ശരിയല്ല. ഭരണഘടനാ വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും സാധിക്കില്ല. ഗവർണറുടെ ചുമതല നിശ്ശബ്ദമാണ്. ക്രമസമാധാനപ്രശ്നം ഉടലെടുക്കുമ്പോഴാണ് പ്രധാനമായും ഗവർണറുടെ ഇടപെടൽ ആവശ്യമുള്ളത്. യൂണിവേഴ്സിറ്റി കോളേജ്, പി.എസ്.സി. നിയമനം എന്നീ വിഷയങ്ങളിൽ സ്വീകരിക്കാവുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിട്ടുമുണ്ട്. യോഗ്യത വിശദമായി പരിശോധിച്ച് മാത്രമേ എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളൂ. സർക്കാരിന്റെ ശുപാർശ മറികടന്ന് കേരള സർവകലാശാലാ സെനറ്റിലേക്ക് നാമനിർദേശംചെയ്ത രണ്ടുപേരും തത്സ്ഥാനത്ത് നിയമിതരാകാൻ പൂർണ യോഗ്യരായിരുന്നു. ഗവർണർ എന്നനിലയിൽ പൂർണസംതൃപ്തിയോടെയാണ് കാലാവധി പൂർത്തീകരിക്കുന്നതെന്നും സദാശിവം പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർസംവിധാനങ്ങൾ ഇല്ലാത്തപ്പോഴോ അത് പരാജയപ്പെടുമ്പോഴോ ആണ് ഗവർണർമാർ സംസ്ഥാനത്തിന്റ കാര്യത്തിൽ ഇടപെടുന്നതെന്ന് രാജ്ഭവൻ ജീവനക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാനായെന്നു പറഞ്ഞ അദ്ദേഹം രാജ്ഭവനിൽ ചെയ്ത കാര്യങ്ങളും വിശദീകരിച്ചു. പ്രളയകാലത്ത് മലയാളികളിൽ കണ്ട ഐക്യം കേരള പുനർനിർമാണത്തിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഐക്യമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവന്ദ്രകുമാർ ദോഡാവത്ത്, ഡെപ്യൂട്ടി സെക്രട്ടറിമാരായ എൽ.ആർ. സുമ, ആർ.കെ. മധു, കൺേട്രാളർ എസ്. ശാന്തി, പബ്ലിക് റിലേഷൻസ് ഓഫീസർ എസ്.ഡി. പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. content highlights:govt is obligated to protect Supremecourt order says sadashivam, On sabarimala issue
from mathrubhumi.latestnews.rssfeed https://ift.tt/31097oI
via
IFTTT