Breaking

Sunday, September 8, 2019

നമ്മള്‍ കുരയ്ക്കുകയും കടിക്കുകയും വേണം; രാം ജെഠ്മലാനിയെന്ന മനുഷ്യനും ജീവിതവും

ജീവിതം അതിന്റെ സർവ്വ തലങ്ങളിലും ആസ്വദിച്ച മനുഷ്യനായിരുന്നു രാം ജെഠ്മലാനി. കറുപ്പും വെളുപ്പിലുമായി അടയാളപ്പെടുത്തുന്ന ഇരട്ടപ്പാതയായിരുന്നില്ല രാമിന് ജീവിതം. നന്മയും തിന്മയും ആപേക്ഷികമാണെന്നും തെറ്റ് ചെയ്യുക മനുഷ്യ സഹജമാണെന്നും രാം ഉറച്ചു വിശ്വസിച്ചു. ദൈവം ചിന്താക്കുഴപ്പത്തിലകപ്പെട്ട ഒരു വിഡ്ഢിയും സാഡിസ്റ്റുമാണ്. ദൈവം ഉണ്ടോയെന്നു തന്നെ എനിക്കറിയില്ല. പക്ഷേ, ഒരു അഭിഭാഷകനെന്ന നിലയ്ക്ക് ദൈവത്തിന് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ഞാൻ തയ്യാറാണ്. ദൈവത്തിന്റെ എയർപോർട്ട് ലോഞ്ചിൽ ഇരിക്കുന്ന ഒരു മനുഷ്യനാണ് താനെന്ന് അവസാന ദിനങ്ങളിൽ പറയുമ്പോഴും പണ്ട് ദൈവത്തെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ പിൻവലിക്കാൻ രാം തയ്യാറല്ലായിരുന്നു. രാം ജെഠ്മലാനിയുടെ ജീവചരിത്രത്തിന്റെ ശീർഷകം റെബൽ എന്നായതിൽ അത്ഭുതമില്ല. മുട്ടിന്മേൽ നിന്നുള്ള ജീവിതം രാമിന് പറഞ്ഞിട്ടുള്ളതായിരുന്നില്ല. ആർക്കു മുന്നിലും മുട്ടുമടക്കാതെ രാം സദാ ശിരസ്സുയർത്തിപ്പിടിച്ച് നിവർന്ന് നടന്നു. ആ രീതി രാമിന് നിരവധി ശത്രുക്കളെ നേടിക്കൊടുത്തു. ഞാൻ എന്റെ ജിവിതം ജീവിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ശത്രുക്കളെന്ന് രാം പറഞ്ഞത് തമാശയായിട്ടായിരുന്നില്ല. ഇന്ദിരാഗാന്ധി വധത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന കെഹാർസിങിനും ബൽബിർ സിങ്ങിനും വേണ്ടി വാദിക്കാനിറങ്ങിയപ്പോൾ രാം കേട്ട പഴികൾക്ക് കണക്കില്ല. ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം പോലും രാമിന് ഈ പോരാട്ടത്തിൽ നഷ്ടമായി. ബിജെപിയിലെ ഇന്ദിരയുടെ ആരാധകരാണ് തന്നെ താഴെയിറക്കിയതെന്നാണ് രാം ഇതെക്കുറിച്ച് പറഞ്ഞത്. ഈ കേസിൽ ബൽബിർ സിങ്ങിനെ തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ രാമിനായി. പാർലമെന്റിന് നേരെ നടന്ന ആക്രമണക്കേസിൽ പ്രതിയായിരുന്ന എസ് എ ആർ ഗീലാനിയെയും രക്ഷിച്ചെടുക്കാൻ രാമിനായി. ഒരാളുടെ ജിവൻ രക്ഷിക്കുന്നതിനപ്പുറത്ത് മറ്റെന്ത് പ്രതിഫലമാണ് വേണ്ടതെന്ന് രാം ചോദിച്ചിട്ടുണ്ട്. ജനവികാരം കണ്ട് പേടിക്കുന്നയാളല്ല താനെന്നും വക്കീൽപണി തന്റെ പ്രൊഫഷനാണെന്നും അതിനോട് കൂറ് പുലർത്തുമ്പോൾ ആൾക്കൂട്ടത്തിന്റെ വൈകാരിക ഭ്രാന്തുകൾ താൻ കണക്കിലെടുക്കാറില്ലെന്നും രാം തറപ്പിച്ച് പറഞ്ഞു. പക്ഷേ, ഇതേ രാം തന്നെ കക്ഷികളോട് കണക്ക് പറഞ്ഞു കാശു വാങ്ങുന്ന വക്കീലായിരുന്നു. എത്രയോ കള്ളക്കടത്തുകാരെയാണ് രാം നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചിട്ടുള്ളത്. കീശ നിറയെ പണവുമായി വരുന്ന ഇത്തരക്കാരുടെ ഭാരം കുറച്ചുകൊടുക്കണമെന്നത് രാമിന്റെ പ്രഖ്യാപിത നയമായിരുന്നു. തന്റെ കക്ഷികളിൽ 90 ശതമാനവും ഇങ്ങനെയുള്ളവരാണെന്നും എന്നാൽ ബാക്കി പത്തു ശതമാനത്തിന് വേണ്ടി കാശു വാങ്ങാതെ വാദിക്കുന്നവനാണ് താനെന്നും രാം പറയാറുണ്ടായിരുന്നു. ഈ പത്ത് ശതമാനത്തിൽ പക്ഷേ, താൻ പെട്ടില്ലെന്ന് സുഹൃത്തും പത്രപ്രവർത്തകനുമായ കെ പി സുനിൽ ഒരിക്കൽ പറഞ്ഞതും വിസ്മരിക്കനാവില്ല. ജയലളിത മുഖ്യമന്ത്രിയായിരിക്കെ അന്ന് ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ലേഖകനായിരുന്ന സുനിലിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടപ്പോൾ അമ്പതിനായിരം രൂപയുണ്ടെങ്കിൽ മാത്രം ഇങ്ങോട്ടു വന്നാൽ മതിയെന്നാണ് രാം പറഞ്ഞതെന്ന് സുനിൽ ഓർക്കുന്നത് വിഷമത്തോടെയാണ്. താൻ കറയില്ലാത്ത പരിപാവന മനുഷ്യനാണെന്ന് രാം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്തൊക്കെ ആക്ഷേപങ്ങൾ രാമിനെതിരെ ഉയർത്തിയാലും രാം കാപട്യക്കാരനാണെന്ന് മാത്രം പറയാനാവില്ല. മനസ്സിലൊന്നുവെച്ച് പുറത്ത് മറ്റൊന്നു പറയാൻ രാമിനാവുമായിരുന്നില്ല. തന്റെ ഛായാചിത്രം വരയ്ക്കാനിരുന്ന ചിത്രകാരനോട് തന്റെ മേലുള്ള കറുത്ത പാടുകളും ചുളിവുകളും ഒഴിവാക്കരുതെന്ന് പറഞ്ഞ ബ്രിട്ടീഷ് നേതാവ് ഒലിവർ ക്രോംവെൽ രാമിന്റെ ഇഷ്ട രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. സുപ്രീംകോടതിയുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ് വാജ്പേയി സർക്കാരിൽ നിയമമന്ത്രി സ്ഥാനത്തു നിന്ന് രാമിന് രാജിവെയ്ക്കേണ്ടി വന്നത്. കാർ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെയാണ് രാജിവെയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യവുമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത്സിങ് രാമിനെ വിളിച്ചത്. ജസ്വന്ത് പറഞ്ഞുതീർക്കും മുമ്പ് രാമിന്റെ മറുപടി വന്നു ഞാൻ ഡ്രൈവ് ചെയ്യുകയാണ്. ഇപ്പോൾ രാജിക്കത്ത് ഫാക്സ് ചെയ്യാൻ എനിക്ക് പറ്റില്ലെന്ന് പ്രധാനമന്ത്രിയോട് പറയൂ. വീട്ടിലെത്തിയ ഉടനെ രാം രാജിവെച്ചു. വാജ്പേയിയോടുള്ള ശത്രുത രാം പിന്നീടൊരിക്കലും രഹസ്യമാക്കിവെച്ചിട്ടില്ല. 2004 ൽ വാജ്പേയിക്കെതിരെ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനും രാമിന് മടിയുണ്ടായില്ല. കാര്യങ്ങൾ മുഖത്ത് നോക്കി നേരിട്ടു പറയുന്നതായിരുന്നു രാമിന്റെ സമ്പ്രദായം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആനന്ദുമായുണ്ടായ വിഖ്യാത തർക്കത്തിനിടെ രാം പറഞ്ഞ വാക്കുകൾ മറക്കാനാവില്ല. അദ്ദേഹത്തോട് പറയൂ. നിയമം അറിയാവുന്ന നിയമ മന്ത്രിയോടാണ് അദ്ദേഹം തർക്കിക്കുന്നതെന്ന്. ഇന്ത്യയിൽ ഏതു കോടതിയിലും ജഡ്ജിയുടെ നേർക്ക് നേർ നിന്ന് ഇങ്ങനെ പറയാൻ കഴിയുന്ന അപൂർവ്വം ചിലരിൽ ഒരാളായിരുന്നു രാം ജെഠ്മലാനി. രാമിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു പേരെയും അദ്ദേഹം നിയമാനുസൃതമായാണ് കല്യാണം കഴിച്ചത്. ബഹുഭാര്യാത്വം ഹിന്ദുക്കൾക്ക് നിയമ വിരുദ്ധമാക്കിയ 1955 ലെ നിയമഭേദഗതി വരുന്നതിനും മുമ്പായിരുന്നു രാമിന്റെ രണ്ടു വിവാഹങ്ങളും. ഈ വൈവാഹിക ജീവിതങ്ങൾക്കപ്പുറത്തും രാമിന് പ്രണയങ്ങളുണ്ടായിരുന്നു. ഇവയൊന്നും തന്നെ രാം മറച്ചുവെച്ചതുമില്ല. അന്തരിച്ച പത്രപ്രവർത്തകൻ ഖുഷ്വന്ത്സിങ്ങിനും രാമിനുമിടയിലുണ്ടായിരുന്ന ഒരു കണ്ണി മദ്യമായിരുന്നു. രണ്ടു പേരും തൊണ്ണൂറുകൾ കടന്നും ഈ ഭൂമിയിൽ ജിവിച്ചു. ശതകം തികയ്ക്കാനിരിക്കെയാണ് ഖുഷ്വന്ത് കടന്നുപോയത്. വിസ്കി കുടിക്കുന്നതുകൊണ്ടായിരുന്നു 1977 ലെ മന്ത്രിസഭയിൽ നിന്ന് തന്നെ മൊറാർജി ദേശായി ഒഴിവാക്കിയതെന്ന് രാം പറയുമായിരുന്നു. മൊറാർജിയോട് അദ്ദേഹത്തിന്റെ കേൾവി കേട്ട പാനീയത്തെക്കുറിച്ച് തുറന്നടിക്കാനും രാമിന് കഴിയുമായിരുന്നു. താങ്കൾക്ക് താങ്കളുടെ പിസ്കി കുടിക്കാം , എനിക്ക് എന്റെ വിസ്കിയും. രാമിന്റെ വേർപാട് ആകസ്മികമല്ല. അവസാന നാളുകളിൽ തന്നെ കാണാൻ ഒരു പാട് പേർ വരുമായിരുന്നതിനെക്കുറിച്ച് ഖുഷ്വന്ത് സിങ് കളിയായി പറഞ്ഞിരുന്നത് ഇങ്ങനെയാണ്. ഇപ്പോൾ ഡൽഹിയിൽ വരുന്ന പലരും ജന്തർമന്തർ കണ്ടുകഴിഞ്ഞാൽ എന്നെ കാണാനാണ് വരുന്നത്. രാം പക്ഷേ, അവസാന ദിനങ്ങളിലും സജീവമായിരുന്നു. ദൈവത്തിന്റെ എയർപോർട്ട് ലോഞ്ചിൽ ഇരിക്കുകയാണെന്ന് പറയുമ്പോഴും രാം ഒരിക്കലും വെറുതെ ഇരുന്നില്ല. പത്രപ്രവർത്തകനും അഭിഭാഷകനും കാവൽ നായ്ക്കളാണെന്ന് രാംഓർമ്മിപ്പിക്കുമായിരുന്നു. നമ്മൾ കുരയ്ക്കുകയും കടിക്കുകയും വേണം. അസ്വസ്ഥതയുണർത്തുന്ന ചോദ്യങ്ങൾ ചോദിക്കണം. ഈ വാക്കുകൾ രാം അക്ഷരം പ്രതി പാലിച്ചു. ചോദ്യങ്ങൾ ചോദിക്കാത്ത ഒരു ദിവസം പോലും രാമിന്റെ ജിവിതത്തിലുണ്ടായിട്ടില്ല. ഇതിപ്പോൾ രാംജെഠ്മലാനി കടന്നുപോവുമ്പോൾ ഇന്ത്യയുടെ പൊതു ഇടം ദരിദ്രമാവുന്നതും അതുകൊണ്ടു തന്നെയാണ്. content highlights:Ram Jethmalani life history


from mathrubhumi.latestnews.rssfeed https://ift.tt/2ZKQd7N
via IFTTT