Breaking

Friday, September 6, 2019

‘കിടിലൻ സ്വതന്ത്രൻ’ വരുമെന്ന് സി.പി.എം.; അതു വേണ്ടെന്ന് ഘടകകക്ഷികൾ

കൊച്ചി: ഒരു 'കിടിലൻ സ്വതന്ത്രനെ' കൊണ്ടുവരാമെന്ന് സി.പി.എം... 'അയ്യോ, വേണ്ട' എന്ന്' ഘടകകക്ഷികൾ. ഉപ തിരഞ്ഞെടുപ്പ് വരുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി ഒരു നല്ല സ്വതന്ത്രൻ വരുമെന്ന കാര്യം ഇടതുമുന്നണി മണ്ഡലം യോഗത്തിൽ മുതിർന്ന സി.പി.എം. നേതാവാണ് അവതരിപ്പിച്ചത്. എന്നാൽ, 'സ്വതന്ത്രൻ' വേണ്ടെന്ന നിലപാടായിരുന്നു ഘടകകക്ഷികൾക്ക്. സ്വതന്ത്രനെ കൊണ്ടുവന്നാൽ മെനക്കേടാണെന്നും ഘടകകക്ഷികൾ പറഞ്ഞു. സ്വതന്ത്രനെക്കാൾ നല്ലത് പാർട്ടിക്കാരൻ തന്നെയാണെന്നായിരുന്നു ചെറുകക്ഷികളുടെ അഭിപ്രായം. ആളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വോട്ടുകിട്ടുന്നതിനും നല്ലത് പാർട്ടിക്കാരൻ വരുന്നതാണെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു. എന്തായാലും സ്ഥാനാർഥി നിർണയം വേഗം വേണമെന്നായിരുന്നു ഘടകകക്ഷികളുടെ ആവശ്യം. അവസാന നിമിഷം എവിടെ നിന്നെങ്കിലും സ്ഥാനാർഥിയെ ഇറക്കിയിട്ട് കാര്യമില്ല, നേരത്തേ തന്നെ സ്ഥാനാർഥി രംഗത്തിറങ്ങണമെന്നും ഘടകകക്ഷി നേതാക്കൾ പറഞ്ഞു. എൻ.സി.പി.ക്കാരായിരുന്നു കൂടുതൽ ശക്തമായി ഇത് ആവശ്യപ്പെട്ടത്. എറണാകുളത്തേക്ക് സി.പി.എം. 'ലത്തീൻ മുദ്ര'യുള്ള സ്വതന്ത്രനെ തേടുന്നതായുള്ള വാർത്ത പ്രചരിച്ചിരുന്നു. പാർട്ടി, സ്ഥാനാർഥിക്കു വേണ്ടി തപ്പിക്കൊണ്ടിരിക്കുകയാണ്. ലത്തീൻ സമുദായത്തിൽനിന്നുള്ള ഒരു സാംസ്കാരിക നേതാവിനെയാണ് അന്വേഷിക്കുന്നത്. അത് ഉറപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായമായിരുന്നു സി.പി.എം. നേതാവ് മുന്നണി യോഗത്തിൽ നടത്തിയത്. എറണാകുളത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനും മറ്റും മുമ്പ് ഇല്ലാത്ത വിധത്തിൽ പാർട്ടി രംഗത്തിറങ്ങിയിട്ടുണ്ട്്. അതിനെ പ്രതിരോധിക്കുന്ന വിധത്തിൽ വോട്ടർ പട്ടിക സൂക്ഷ്മപരിശോധന നടത്താനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. content highlights:ernakulam by election


from mathrubhumi.latestnews.rssfeed https://ift.tt/2A1o2D3
via IFTTT