Breaking

Friday, September 6, 2019

ഡബിളടിച്ച് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടം; ഓസീസ് ശക്തമായ നിലയില്‍

മാഞ്ചെസ്റ്റർ: സ്റ്റീവൻ സ്മിത്തിനെ പിടിച്ചുകെട്ടുന്നതിൽ ഇംഗ്ലണ്ട് വീണ്ടും നിസ്സഹായരായതോടെ നാലാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി കുറിച്ച സ്മിത്തിന്റെ മികവിൽ ഓസീസ് ഒന്നാം ഇന്നിങ്സ് എട്ടിന് 497 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇത്തവണത്തെ ആഷസ് പരമ്പരയിൽ ഇത് മൂന്നാം തവണയാണ് സ്മിത്ത് മൂന്നക്കം കടക്കുന്നത്. എജ്ബാസ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും (144, 142) സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്. ജോ ഡെൻലിയുടെ (4) വിക്കറ്റാണ് ആതിഥേയർക്കു നഷ്ടമായത്. മൂന്നിന് 170 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ട്രാവിസ് ഹെഡിനെയാണ് (19) ആദ്യം നഷ്ടമായത്. പിന്നാലെ മാത്യു വെയ്ഡും (16) കാര്യമായ സംഭവനകളില്ലാതെ മടങ്ങി. ക്യാപ്റ്റൻ ടിം പെയ്ൻ സ്മിത്തിന് ശക്തമായ പിന്തുണ നൽകിയതോടെ ഓസീസ് ഇന്നിങ്സിന് ബലംവെച്ചു. ഇരുവരും ആറാം വിക്കറ്റിൽ 145 റൺസാണ് കൂട്ടിച്ചേർത്തത്. പെയ്ൻ 58 റൺസെടുത്ത് പുറത്തായി. 319 പന്തിൽ രണ്ടു സിക്സും 24 ബൗണ്ടറികളുമടക്കം 211 റൺസെടുത്ത സ്മിത്തിനെ 118-ാം ഓവറിൽ ജോ റൂട്ടാണ് പുറത്താക്കിയത്. ആദ്യ ദിനം മാർനസ് ലെബുഷെയ്നുമൊത്ത് (67) 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സ്മിത്തിനായി. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (58 പന്തിൽ 54 നോട്ടൗട്ട്), നേഥൻ ലയണും (26 പന്തിൽ 26 നോട്ടൗട്ട്) തകർത്തടിച്ചതിനു പിന്നാലെ ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. Content Highlights:Ashes 2019 4th Test Steve Smith puts Australia on command


from mathrubhumi.latestnews.rssfeed https://ift.tt/314FO4A
via IFTTT