തൃപ്പൂണിത്തുറ:നഗരസഭയിലെ ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ വി.ആർ. വിജയകുമാറിന് മർദനമേറ്റ സംഭവത്തിൽ ആർ.എസ്.എസ്. പ്രവർത്തകരായ വിപിൻ, ഹരി എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. വിജയകുമാറിന്റെ മൊഴിപ്രകാരമാണ് കേസെന്ന് തൃപ്പൂണിത്തുറ എസ്.ഐ. ബിജു പറഞ്ഞു. കഴിഞ്ഞ 15-ന് രാത്രി പത്തുമണിയോടെയാണ്, വടക്കേക്കോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിൽവെച്ച് വിജയകുമാറിന് മർദനമേറ്റത്. തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് ഒരു രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തത് ചോദ്യംചെയ്തായിരുന്നു ആർ.എസ്.എസ്. ചുമതലയുള്ളവർ മർദിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ബി.ജെ.പി.യിലെ വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നറിയുന്നു. വിജയകുമാറിന് മർദനമേറ്റ സംഭവം കഴിഞ്ഞയാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിലും ഒച്ചപ്പാടിനിടയാക്കിയിരുന്നു. വിജയകുമാറിനെ മർദിച്ചവർക്കെതിരേ നടപടി വേണമെന്ന് സഭയിൽ ആവശ്യമുന്നയിച്ചിരുന്നു. ബി.ജെ.പി.ക്ക് 12 അംഗങ്ങളുള്ള നഗരസഭാ കൗൺസിലിൽ ഏഴ് അംഗങ്ങൾ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. കൗൺസിൽ യോഗത്തിലും ബി.ജെ.പി. രണ്ട് തട്ടിലാണെന്നതാണ് ഇവിടെ കണ്ടത്. അതേസമയം വി.ആർ. വിജയകുമാറിനെതിരേ പാർട്ടി അച്ചടക്കനടപടിയെടുക്കാനും സാധ്യതയുണ്ട്. ബുധനാഴ്ച തൃപ്പൂണിത്തുറയിലെ ബി.ജെ.പി. ഓഫീസിൽ പാർട്ടി ജില്ലാ കോർ കമ്മിറ്റിയും മണ്ഡലം കോർ കമ്മിറ്റിയും കൗൺസിലർമാരും ഒരുമിച്ചുള്ള യോഗം നടന്നു. തന്റെ ഭാഗം വി.ആർ. വിജയകുമാർ വിശദീകരിച്ചു. ഏഴ് കൗൺസിലർമാർ ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഇത്. ഒരംഗം എത്തിയിരുന്നില്ല. മറ്റ് മൂന്നുപേർ വിജയകുമാറിനെ അനുകൂലിച്ചുവെന്നാണ് അറിയാനായത്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, മേഖലാ സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ ജന. സെക്രട്ടറി എം.എൻ. മധു, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജന. സെക്രട്ടറി കെ.എസ്. ഷൈജു എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. Content Highlights:Tripunithura BJP-Conflict
from mathrubhumi.latestnews.rssfeed https://ift.tt/2HLfJ2w
via
IFTTT