കൊച്ചി മെട്രോ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇനി മുതലാണ് നഗരത്തിലേക്ക് എത്തുന്നവർക്ക് ലഭ്യമാകാൻ പോകുന്നത്. ദൂരെ നിന്നും കൊച്ചി നഗരത്തിലേക്ക് വരുന്നവർക്ക് നഗരത്തിലേക്കുള്ള രണ്ട് കവാടങ്ങളാണ് വൈറ്റില ഹബ്ബും എറണാകുളം സൗത്ത് (ജങ്ഷൻ) റെയിൽവേ സ്റ്റേഷനും. ഈ രണ്ട് കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി മെട്രോ സർവീസ് ബുധനാഴ്ച രാവിലെ മുതൽ തുടങ്ങി. ദീർഘദൂര ബസുകളിൽ മിക്കതും വൈറ്റില ഹബ്ബ് വഴിയാണ് കടന്നു പോകുന്നത്. ഇവിടെ എത്തുന്നവർക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താം. വൈറ്റിലയിൽ നിന്നും ഇളംകുളം, കടവന്ത്ര എന്നീ സ്റ്റേഷനുകൾ കഴിഞ്ഞാൽ എറണാകുളം സൗത്താണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്നവർക്ക് ഇവിടെ നിന്നും മെട്രോ പിടിക്കാം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് മെട്രോ സ്റ്റേഷൻ. സൗത്ത് സ്റ്റേഷൻ കഴിഞ്ഞാൽ അടുത്തത് മഹാരാജാസ് കോളേജാണ്. ഇവിടെ ഇറങ്ങിയോ തൊട്ടടുത്ത എം.ജി റോഡ് സ്റ്റേഷനിലിറങ്ങിയോ മറൈൻ ഡ്രൈവ്, മേനക ഭാഗത്തേക്ക് പോകാം. ഹൈക്കോടതിയിലേക്ക് പോകുന്നവർക്ക് അടുത്തുള്ള സ്റ്റേഷൻ എം.ജി റോഡാണ്. തൊട്ടടുത്തത് ലിസിസ്റ്റേഷനാണ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടവർക്ക് ഇവിടെ ഇറങ്ങാം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചും കണക്ഷൻ ട്രെയിൻ പിടിക്കേണ്ടവർക്ക് മെട്രോ പ്രയോജനപ്പെടുത്താം. കലൂർ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാർക്ക് എന്നീ സ്റ്റേഷനുകളാണ് അടുത്തത്. ഇടപ്പള്ളി ലുലു മാളിലേക്ക് പോകുന്നവർക്ക് അതിനോട് ചേർന്നുള്ള ഇടപ്പള്ളി സ്റ്റേഷനിൽ ഇറങ്ങാം. പത്തടിപ്പാലം, കുസാറ്റ്, കളമശ്ശേരി, മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി, പുളിഞ്ചോട്, ആലുവ എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. തെക്കൻ ജില്ലക്കാർക്ക് സമയലാഭം കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് കൊച്ചിയിലെത്തുന്നവരുടെ നഗരയാത്ര് മെട്രോ തൈക്കൂടത്തേക്ക് എത്തിയതോടെ മാറും. തൊടുപുഴയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ എത്തുന്നവർക്കും നഗരയാത്രയ്ക്ക് മെട്രോ പ്രയോജനപ്പെടുത്താം. ജില്ലയിൽത്തന്നെ കൂത്താട്ടുകുളം, പിറവം, തൃപ്പൂണിത്തുറ മേഖലകളിൽ നിന്നുള്ളവർക്കും മെട്രോ വിജയകരമായി പ്രയോജനപ്പെടുത്താം. കോട്ടയം, പാലാ, വൈക്കം മേഖലകളിൽനിന്ന് നഗരത്തിലേക്ക് എത്തുന്ന സ്വകാര്യവഹനങ്ങളൊക്കെ വൈറ്റിലയിൽ സർവീസ് അവസാനിപ്പിക്കുന്നവയാണ്. വൈറ്റിലയിൽനിന്ന് നഗരത്തിലേക്ക് എത്താൻ ടൗണിലേക്കുള്ള സർവീസ് ബസുകളെയാണ് യാത്രക്കാർ പിന്നീട് ആശ്രയിക്കുന്നത്. സൗത്തിലൂടെയെല്ലാം കറങ്ങിപ്പോകുന്ന സർവീസ് ബസുകളാണ് വൈറ്റിലയിൽ നിന്ന് ഉള്ളതിൽ ഏറെയും. കോട്ടയം ജില്ലയിൽ നിന്നുള്ള യാത്രക്കാരിൽ നല്ലപങ്ക് നഗരത്തിലേക്ക് എത്തുന്നത് ഷോപ്പിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമാണ്. തിരക്കുള്ള സമയം സർവീസ് ബസുകളിൽ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു മണിക്കൂറിലേറെ വൈകും. തൊടുപുഴയിൽനിന്ന് എത്തുന്നവർക്കും ഇതുതന്നെയാണ് സ്ഥിതി. തൈക്കൂടത്ത് എത്തിയാൽ ബസിറങ്ങി നേരേ മെട്രോയിലേക്ക് കയറിക്കോളൂ... ലക്ഷ്യസ്ഥാനത്തേക്ക് പറന്നെത്താം. തിരിച്ച് വൈറ്റിലയിലേക്ക് മടങ്ങുന്നതും മെട്രോയിൽ തന്നെയാക്കിയാൽ ഇരുവശങ്ങളിലേക്കുമായുള്ള യാത്രയ്ക്ക് നഷ്ടമായിരുന്ന രണ്ട് മണിക്കൂറാണ് ലാഭിക്കാൻ കഴിയുക. ആലപ്പുഴയിൽനിന്ന് എത്തുന്നവർ വൈറ്റില ഹബ്ബിൽ ഇറങ്ങണം ആലപ്പുഴ ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ ദീർഘദൂര ബസുകളിൽ എത്തുന്നവർക്ക് വൈറ്റില ഹബ്ബിൽ ഇറങ്ങി, അവിടത്തെ സ്റ്റേഷനിൽനിന്ന് മെട്രോയിൽ കയറാം. ചേർത്തലയിൽ നിന്നുള്ള സ്വകാര്യബസുകളിലാണ് വരുന്നതെങ്കിൽ, എളംകുളം സ്റ്റേഷനിൽ ഇറങ്ങി മെട്രോയിലേക്ക് കയറിക്കോളൂ... മുൻപ് നഷ്ടമായിരുന്ന ഒരു മണിക്കൂർ സമയമായിരിക്കും അധികലാഭം. മഴയും വെയിലും പൊടിയുമൊക്കെ സഹിച്ചുള്ള യാത്രാദുരിതങ്ങൾ ഒഴിവാകുന്നു എന്നത് ആരോഗ്യത്തിനും ഗുണകരമാണ്. കാർ യാത്രക്കാർക്കും പ്രയോജനപ്പെടുത്താം ഇനി യാത്ര കാറിലാണെങ്കിലും മെട്രോയെ നഗരയാത്രയ്ക്കായി സമയവും പണവും ലാഭിക്കാവുന്ന വിധം പ്രയോജനപ്പെടുത്താം. തെക്കുഭാഗത്തുനിന്ന് എത്തുന്നവർക്ക് വൈറ്റിലയിലോ, തൈക്കൂടത്തോ പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത്, നഗരത്തിലേക്കുള്ള യാത്രയ്ക്കായി മെട്രോയിലേക്ക് കയറാം. തിരക്കേറിയ സമയത്ത് കാറിലുള്ള നഗരയാത്ര ഇപ്പോൾ സമയവും ഇന്ധനവും നഷ്ടമാക്കുന്ന പ്രവൃത്തിയാണ്. മെട്രോയിൽ നഗരത്തിലേക്ക് എത്തിയാൽ ഈ നഷ്ടങ്ങളൊക്കെ ലാഭിക്കാം. ഷോപ്പിങ്ങിനും മറ്റുമാണ് എത്തുന്നതെങ്കിൽ ഓർക്കുക രണ്ട് മണിക്കൂറോളമാണ് അധികമായി കിട്ടുന്നത്. തെക്കുനിന്ന് എത്തുന്നവർക്ക് മെട്രോ പൊളിയാണെന്ന് സാരം. Content highlights: Kochi Metro extends to Thaikkoodam, the city linked with Vytila South, North and Idappally
from mathrubhumi.latestnews.rssfeed https://ift.tt/2zKdkRx
via
IFTTT