Breaking

Tuesday, September 3, 2019

ഹായ് തൈക്കൂടം; വൈറ്റിലയും കടന്നെത്തുന്നു മെട്രോ

കൊച്ചി:ആകാശം അതിരാക്കി മെട്രോ പുതിയൊരു കുതിപ്പിനൊരുങ്ങുകയാണ്... മഹാരാജാസ് കോളേജിൽനിന്ന് രാജനഗരിയുടെ കവാടമായ തൈക്കൂടത്തേക്കാണ് യാത്ര. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ഉദ്ഘാടനംചെയ്യുന്ന പുതിയ ദൂരം കുരുക്കുകളിൽനിന്ന് നഗരത്തെ രക്ഷിക്കുമെന്നാണ് പ്രതീക്ഷ. 5.65 കിലോമീറ്ററിൽ അഞ്ച് സ്റ്റേഷനുകളിലേക്ക് കൂടിയാണ് മെട്രോ ഇനി കുതിച്ചെത്തുന്നത്. പാലാരിവട്ടവും മഹാരാജാസ് കോളേജും പിന്നിട്ടുള്ള ഈ യാത്രയെ സ്വപ്നസമാനമെന്നുതന്നെ വിശേഷിപ്പിക്കാം.തൈക്കൂടം വരെ മെട്രോ സർവീസ് നീട്ടുന്നതിന്റെയും തൃപ്പൂണിത്തുറ പേട്ടയിൽ നിന്ന് എസ്.എൻ ജങ്ഷനിലേക്കുള്ള നിർമ്മാണപ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11 മണിക്ക് നിർവഹിക്കും. 25 കിലോമീറ്ററെന്ന ആദ്യഘട്ട ലക്ഷ്യത്തിലേക്ക് ഇനി ഒരു സ്റ്റേഷന്റെ ദൂരം മാത്രമാണ് ബാക്കിയുള്ളത്. കൃത്യമായി പറഞ്ഞാൽ, ഏകദേശം ഒന്നേകാൽ കിലോമീറ്റർ ദൂരം. അടുത്തവർഷം ഫെബ്രുവരിയോടെ പേട്ടയിലേക്കും യാത്രാസർവീസ് തുടങ്ങാനാകുമെന്ന് കൊച്ചി മെട്രോ അധികൃതർ പറയുന്നു. 'കൊച്ചിയുടെ നിരത്തിലൂടെ മെട്രോ യാത്രതുടങ്ങും' എന്ന 'മെട്രോമാൻ' ഇ. ശ്രീധരന്റെ വാക്കുകളുടെ ഉറപ്പിൽ, 2013 ജൂൺ ഏഴിനാണ് മെട്രോയുടെ നിർമാണം തുടങ്ങിയത്. നാലുവർഷത്തിന്റെ ഇടവേളയിൽ 2017 ജൂൺ 17-ന് ആലുവയിൽനിന്ന് പാലാരിവട്ടത്തേക്ക് മെട്രോ സർവീസ് തുടങ്ങി. 13.2 കിലോമീറ്റർ ദൂരം. അതേവർഷം ഒക്ടോബർ മൂന്നിന് അഞ്ച് കിലോമീറ്റർ കൂടി പിന്നിട്ട് മഹാരാജാസ് കോളേജിലേക്കെത്തി. അഞ്ച് കിലോമീറ്ററിന്റെ പുതിയ ദൂരം കൂടിയാകുമ്പോൾ മെട്രോയുടെ നീളം 23.65 കിലോമീറ്ററാകും, സ്റ്റേഷനുകൾ 21. മെട്രോ ട്രെയിനിനുള്ളിൽ നിന്നുള്ള വൈറ്റില ഹബ്ബിന്റെ ദൃശ്യം |ഫോട്ടോ: എം.വി. സിനോജ്. നഗരത്തെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പുതിയ പാത ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പ്രധാനമായ രണ്ട് ഗതാഗതകേന്ദ്രങ്ങളെ തൊട്ടാണ് മെട്രോ കടന്നുപോകുന്നത്. തിരക്കേറിയ സൗത്ത് റെയിൽവേ സ്റ്റേഷന്റെയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും സാന്നിധ്യം പുതിയ പാതയുടെ താരപരിവേഷം കൂട്ടുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമെല്ലാം മെട്രോ ഇതിനനുസരിച്ച് വർധന പ്രതീക്ഷിക്കുന്നുണ്ട്. ആലുവയിൽനിന്ന് തൈക്കൂടത്തേക്ക് 44 മിനിറ്റ് കൊണ്ട് യാത്രചെയ്യാമെന്നതാണ് നേട്ടം. സർവീസ് തുടങ്ങുന്ന ആദ്യദിവസങ്ങളിൽ ഇതിൽ പത്ത് മിനിറ്റോളം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിൽപ്പോലും റോഡിലെ കുരുക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സമയം നേട്ടംതന്നെ. 60 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരെ ആകർഷിക്കാൻ ആദ്യ രണ്ടാഴ്ചകളിൽ ടിക്കറ്റ് നിരക്കിൽ പകുതി ഇളവുൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷകൾ തൈക്കൂടത്ത് അവസാനിക്കുന്നില്ല. പേട്ടയിലേക്കും എസ്.എൻ. ജങ്ഷനിലേക്കും അവിടെനിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാം മെട്രോ എത്തും. പേട്ടയിൽനിന്ന് എസ്.എൻ. ജങ്ഷനിലേക്കുള്ള നിർമാണത്തിനും ചൊവ്വാഴ്ച തുടക്കമാകുന്നുണ്ട്. മെട്രോ കടന്നെത്താത്ത മേഖലകളെ നഗരവുമായി കൂട്ടിയോജിപ്പിക്കുന്ന 'ജലമെട്രോ'യും പുതിയൊരു തുടക്കത്തിലാണ്. ജലമെട്രോയുടെ ആദ്യഘട്ട ബോട്ട്ജെട്ടികളിലൊന്നിന്റെ നിർമാണത്തിനും ചൊവ്വാഴ്ച ശുഭാരംഭമാണ്. തൃപ്പൂണിത്തുറയ്ക്കൊപ്പം മെട്രോയുടെ ലക്ഷ്യങ്ങളിൽ കാക്കനാടും അങ്കമാലിയും എല്ലാമുണ്ട്... രണ്ടാംഘട്ടമെന്നും മൂന്നാംഘട്ടമെന്നും പേരിട്ട് വിളിക്കാവുന്ന പ്രതീക്ഷകൾ. കേരളത്തിന്റെ മെട്രോ കമ്പനിയായ 'കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി'ന്റെ (കെ.എം.ആർ.എൽ.) നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ നിർമാണങ്ങളെല്ലാം. വെല്ലുവിളികളെല്ലാം പിന്നിട്ട്, മെട്രോയെന്ന സ്വപ്നം കൊച്ചിക്ക് മേലാപ്പായി പടർന്നുവികസിക്കുമെന്ന പ്രതീക്ഷയിൽ നമുക്കും അണിനിരക്കാം മെട്രോയ്ക്കൊപ്പം. മഹാരാജാസ് കോളേജ്-തൈക്കൂടം റൂട്ട് ഇങ്ങനെ ദൂരം -5.65 കിലോമീറ്റർ സ്റ്റേഷനുകൾ -അഞ്ച് * എറണാകുളം സൗത്ത് * കടവന്ത്ര * എളംകുളം * വൈറ്റില * തൈക്കൂടം * ടിക്കറ്റ് നിരക്ക് ആലുവയിൽ നിന്ന് തൈക്കൂടം വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് നിരക്ക്: ആലുവയിൽ നിന്ന് മഹാരാജാസ് വരെ 50 രൂപയാണ്. മഹാരാജാസിൽ നിന്ന്് തൈക്കൂടം റൂട്ടിലേക്കുള്ള യാത്രയിൽ ടിക്കറ്റ് നിരക്ക് ഇങ്ങനെ: * മഹാരാജാസ് കോളേജ്-കടവന്ത്ര -10 രൂപ * മഹാരാജാസ് കോളേജ്-എളംകുളം -10 രൂപ * മഹാരാജാസ് കോളേജ്-വൈറ്റില -20 രൂപ * മഹാരാജാസ് കോളേജ്-തൈക്കൂടം -20 രൂപ * ട്രെയിൻ ഏഴ് മിനിറ്റിന്റെ ഇടവേളയിൽ ഏഴ് മിനിറ്റിന്റെ ഇടവേളയിലാണ് ട്രെയിൻ സർവീസ്. ആലുവയിൽനിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് എത്താൻ 33 മിനിറ്റെടുക്കും. തൈക്കൂടത്തേക്ക് തുടക്കത്തിൽ വേഗം കുറവായിരിക്കും. ഒരു മാസത്തോളം ഇത്തരത്തിൽ കുറഞ്ഞ വേഗത്തിലായിരിക്കും സർവീസ്. സാധാരണ വേഗത്തിലാണെങ്കിൽ ആലുവയിൽ നിന്ന് തൈക്കൂടത്തേക്ക് 44 മിനിറ്റ് കൊണ്ട് എത്താനാകും. എന്നാൽ തുടക്കത്തിൽ ഇതിന് 53 മിനിറ്റെങ്കിലും എടുക്കും. 10 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്ന് തൈക്കൂടത്തേക്ക് സർവീസ് നീളുന്നതോടെ, സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 14 ആകും. ട്രെയിൻ സമയത്തിൽ മാറ്റമൊന്നുമില്ല... രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് സർവീസ്. * ടിക്കറ്റിന് പകുതി തുക മതി പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ മുതൽ തൈക്കൂടം വരെ രണ്ടാഴ്ച പകുതി നിരക്കിൽ യാത്രചെയ്യാം. യാത്രാസർവീസ് തുടങ്ങുന്ന സെപ്റ്റംബർ നാല് മുതൽ 18 വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. എല്ലാ ടിക്കറ്റിലും 50 ശതമാനം ഇളവ് കിട്ടും. സൗജന്യ പാർക്കിങ്ങാണ് മറ്റൊന്ന്. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. സെപ്റ്റംബർ 25 വരെ ഈ ആനുകൂല്യമുണ്ടാകും. മെട്രോയുടെ സ്മാർട്ട് ടിക്കറ്റായ 'കൊച്ചി വൺ' കാർഡ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും പദ്ധതികളുണ്ട്. *സ്റ്റുഡന്റ് പാസും മെട്രോയുടെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് എപ്പോഴും പരാതികളാണ്. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം സർവീസ് തുടങ്ങിയപ്പോൾമുതലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ്, ടിക്കറ്റ് നിരക്കിൽ ഇളവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മെട്രോ പ്രഖ്യാപിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിലേക്ക് മെട്രോ എത്തിക്കാൻ 'സ്റ്റുഡന്റ് പാസ്' പരിഗണനയിലുണ്ട്. വിദ്യാർഥികളെ മാത്രം ലക്ഷ്യമിട്ടായിരിക്കുമിത്. സ്കൂളുകൾ വഴി പദ്ധതി വിദ്യാർഥികളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. content highlights:kochi metro extended to thaikkudam


from mathrubhumi.latestnews.rssfeed https://ift.tt/2PB8GQx
via IFTTT