കൊച്ചി: ഓണം അടുത്തതോടെ ഏത്തക്കായ വില കൂടി. ഒരു മാസം മുൻപ് പച്ച ഏത്തക്കായയ്ക്ക് 20-25 രൂപയായിരുന്നു വില. നിലവിൽ 48 രൂപയ്ക്കാണ് മൊത്ത വിൽപ്പനക്കാർ വിൽക്കുന്നത്. ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്. വയനാടൻ ഏത്തക്കായയ്ക്കാണ് വിപണിയിൽ ഏറ്റവും വിലക്കുറവ്. തിങ്കളാഴ്ച വയനാടൻ ഏത്തക്കായയ്ക്ക് മൊത്തവില 40-42 രൂപയും പഴത്തിന് 50-55 രൂപയുമായിരുന്നു. മേട്ടുപ്പാളയം പഴത്തിന് 60 രൂപയാണ്. ഓണം അടുക്കുമ്പോൾ വില വീണ്ടും ഉയർന്നേക്കും. ഉപ്പേരി, ശർക്കരവരട്ടി, അവിയൽ, കൂട്ടുകറി തുടങ്ങിയ വിഭവങ്ങൾക്കാണ് ഏത്തക്കായ ഏറ്റവുമധികം വേണ്ടിവരുന്നത്. ഈ ആവശ്യകത തന്നെയാണ് ഓണ വിപണിയിലെ വില വർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വടക്കൻ കേരളത്തിൽ പഴംപൊരി, ഉണ്ണിയപ്പം തുടങ്ങിയ വിഭവങ്ങളും ഓണത്തിന് ഒരുക്കാറുണ്ട്. ചിപ്സ് കടക്കാർ പ്രതിദിനം ഒരു ടൺ മുതൽ നാലു ടൺ വരെ കായ കൊണ്ടുപോകാറുണ്ടെന്ന് എറണാകുളം മരടിൽ ഏത്തക്കായ കച്ചവടം നടത്തുന്ന എൻ. മൻസൂർ പറഞ്ഞു. സീസണിൽ മാത്രം കച്ചവടം നടത്തുന്ന വ്യാപാരികളുമുണ്ട്. ഞാലിപ്പൂവന് 75 രൂപ കടന്നു ഞാലിപ്പൂവൻ പഴത്തിന് 76 മുതൽ 80 രൂപ വരെയാണ് വില. ഞാലിപ്പൂവൻ പച്ചക്കായയ്ക്ക് 72 രൂപ വിലയുണ്ട്. പൂവൻപഴത്തിന് 60 രൂപയും പാളയംകോടന് 45 രൂപയുമാണ് തിങ്കളാഴ്ച മൊത്ത വിപണിയിലെ വില. ഓരോ പ്രദേശത്തും വിലയിൽ നേരിയ വ്യത്യാസമുണ്ടാകാറുണ്ട്. കടകളിലെത്തുമ്പോൾ വിലയിൽ രണ്ടോ മൂന്നോ രൂപയുടെ വർധന കൂടി ഉണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2zHre6O
via
IFTTT