മുംബൈ: വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻവർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു. 2019 ഓഗസ്റ്റിൽ ഇറക്കുമതി 30 ടണ്ണിലേക്കു താഴ്ന്നതായി സർക്കാർകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018 ഓഗസ്റ്റിൽ 111.5 ടണ്ണായിരുന്നു ഇറക്കുമതി. ഇറക്കുമതിയുടെ അളവിൽ കുറവുണ്ടായെങ്കിലും ചെലവു കൂടുകയാണുചെയ്തത്. നടപ്പുവർഷം ഏപ്രിൽ- ജൂലായ് കാലയളവിൽ സ്വർണ ഇറക്കുമതിച്ചെലവിൽ 15.5 ശതമാനം വർധന രേഖപ്പെടുത്തി. സ്വർണവില ഉയർന്നതും രൂപയ്ക്കെതിരേ ഡോളറിന്റെ മൂല്യമുയർന്നതും കഴിഞ്ഞ ബജറ്റിൽ സ്വർണ ഇറക്കുമതിത്തീരുവ വർധിപ്പിച്ചതുമെല്ലാം കാരണമായിട്ടുണ്ട്. വില ഉയരുന്ന സാഹചര്യത്തിൽ സ്വർണ ഉപഭോഗത്തിലും ഇന്ത്യയിൽ വലിയ കുറവു രേഖപ്പെടുത്തിയതായി വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ നാലുവരെയുള്ള കാലയളവിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 5400 രൂപയാണ് കൂടിയിട്ടുള്ളത്. ഏപ്രിൽ ഒന്നിന് 23,720 രൂപയായിരുന്ന പവൻ വില സെപ്റ്റംബർ നാലിന് 29,120 വരെയെത്തി. ഏകദേശം 25 ശതമാനമാണ് വർധന. അതേസമയം, പഴയ സ്വർണം കൂടുതലായി വിപണിയിലെത്തുന്നുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. ഏകദേശം 37 ടൺ പഴയ സ്വർണമാണ് ഏപ്രിൽ- ജൂൺ കാലയളവിൽ വിപണിയിലെത്തിയത്. ദിവസം ശരാശരി രണ്ടു കിലോ പഴയ സ്വർണം എത്തിയിരുന്ന സ്ഥാനത്തിപ്പോൾ 10 കിലോവരെയാണ് ലഭിക്കുന്നതെന്ന് മുംബൈയിലെ പ്രധാന സ്വർണാഭരണ മൊത്തവിപണിയായ സവേരി ബസാറിലെ വ്യാപാരികൾ പറയുന്നു. ഉയർന്ന വില: റിസർവ് ബാങ്ക് സ്വർണം വാങ്ങുന്നത് കുറച്ചു മുംബൈ: വില കുത്തനെ ഉയർന്നതോടെ കരുതൽശേഖരത്തിലേക്ക് സ്വർണം വാങ്ങുന്നതിൽ വേഗം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). കഴിഞ്ഞ ഏപ്രിലിലാണ് ആർ.ബി.ഐ. ഇത്തരത്തിൽ അവസാനമായി സ്വർണം വാങ്ങിക്കൂട്ടിയത്. അന്ന് ആകെ 5.6 ടൺ സ്വർണം വാങ്ങിയിരുന്നു. അതിനുശേഷം ആർ.ബി.ഐ.യുടെ കണക്കുകളിൽ സ്വർണശേഖരത്തിൽ വർധന രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര നാണ്യനിധിയുടെയും വേൾഡ് ഗോൾഡ് കൗൺസിലിന്റെയും കണക്കുപ്രകാരവും ഏപ്രിലിൽ ആർ.ബി.ഐ. സ്വർണശേഖരത്തിൽ മാറ്റമുണ്ടായിട്ടില്ല. 618 ടൺ സ്വർണമാണ് ആർ.ബി.ഐ.യുടെ പക്കലുള്ളത്. 2019 സാമ്പത്തികവർഷത്തിൽ ആർ.ബി.ഐ. ആകെ 52.3 ടൺ സ്വർണം കരുതൽശേഖരത്തിലേക്ക് വാങ്ങിയിരുന്നു. ഇന്ത്യക്കുപുറമെ കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങുന്നതിൽ കുറവുവരുത്തിയിട്ടുണ്ട്. ജൂലായിൽ ലോകത്താകെ കേന്ദ്രബാങ്കുകൾ വാങ്ങിയത് 13.1 ടൺ സ്വർണം മാത്രമാണ്. ജൂണിലെക്കാൾ 90 ശതമാനംവരെ കുറവാണിത്. 2017 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വാങ്ങൽ കൂടിയാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2PNNXck
via
IFTTT