കൊച്ചി: സുപ്രീംകോടതി പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ട മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളിൽ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു. ഈ മാസം 20-നം ഫ്ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ ഫ്ളാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകൾ സന്ദർശിക്കുകയുണ്ടായി. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫ്ളാറ്റ് പൊളിക്കാൻ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികൾക്കാണ് മുൻഗണന. ഇതിനിടെ ഇന്ന് നഗരസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്. ഫ്ളാറ്റ് ഒഴിയാൻ ആവശ്യപ്പെട്ട് ഉടമകൾക്ക് ഇന്ന് തന്നെ നോട്ടീസും നൽകുമെന്നാണ് അറിയുന്നത്. ഫ്ളാറ്റിലുള്ളവർക്ക് പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:maradu flat demolition-municipality has begun the process
from mathrubhumi.latestnews.rssfeed https://ift.tt/2A1643I
via
IFTTT