Breaking

Thursday, September 5, 2019

370-ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതില്ല, അയോധ്യയില്‍ രാമക്ഷേത്രം ആവാം- ശശി തരൂര്‍

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തിൽ അയോധ്യയിൽ രാമക്ഷേത്രം ആവശ്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന. 370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിർത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. എല്ലാ കാലത്തും നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിർത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാൽ മതി എന്നായിരുന്നു നെഹ്റുവിന്റെയും കാഴ്ചപ്പാടെന്നും തരൂർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരിൽ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഗിൽജിത് ബാൾട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാൽ അതേതരത്തിലുള്ള കാര്യങ്ങൾത്തന്നെയാണ് ഇപ്പോൾ ജമ്മു കശ്മരിൽ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങൾ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്ന് ശശി തരൂർ പറഞ്ഞു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തിൽ പരിശോധിച്ചാൽ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങൾക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങൾ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂർ പറഞ്ഞു. Content Highlights:Article 370 was never intended to be forever, Ram temple in Ayodhya- Shashi Tharoor


from mathrubhumi.latestnews.rssfeed https://ift.tt/2PGmhG3
via IFTTT