Breaking

Friday, September 6, 2019

ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കാന്‍ ഓർഡിനൻസിറക്കും

തിരുവനന്തപുരം:ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ച് ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഏകീകരിക്കുന്നതിനു നിയമപ്രാബല്യം നൽകാൻ ഓർഡിനൻസ് കൊണ്ടുവരും. ഇക്കാര്യം ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഖാദർ കമ്മിറ്റി ശുപാർശകൾ ഭാഗികമായി ഉൾപ്പെടുത്തിയാണ് 1958-ലെ കേരള വിദ്യാഭ്യാസനിയമം ഭേദഗതി ചെയ്യുന്നത്. നിലവിലുള്ള വിദ്യാഭ്യാസനിയമത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഡി.പി.ഐ. എന്നും പൊതു വിദ്യാഭ്യാസവകുപ്പിനെ വിദ്യാഭ്യാസവകുപ്പെന്നും സ്കൂൾ മേധാവിയെ ഹെഡ്മാസ്റ്റർ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏകീകരണത്തിനെതിരേ കോടതിയിലുള്ള കേസുകളിൽ ഇതു പ്രശ്നമാകുമെന്നതിനാലാണു സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനായി ഈ നിയമത്തിലെ 4, 9, 17, 22, 34 വകുപ്പുകൾ ഭേദഗതിചെയ്യും. വിദ്യാഭ്യാസവകുപ്പെന്നു പറയുന്നിടത്തെല്ലാം പൊതുവിദ്യാഭ്യാസവകുപ്പ് എന്നു മാറ്റും. പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി ഏകീകരണത്തിന്റെ ഭാഗമായി ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷന്റെ (ഡി.ജി.ഇ.) കീഴിലാക്കിയിരുന്നു. ഡി.പി.ഐ., ഹയർ സെക്കൻഡറി ഡയറക്ടർ, വി.എച്ച്.എസ്.ഇ. ഡയറക്ടർ എന്നിവർക്കുപകരമാണ് ഡി.ജി.ഇ.യെ നിയമിച്ചത്. ഡി.ജി.ഇ. പദവിക്ക് ഓർഡിനൻസിലൂടെ നിയമപ്രാബല്യം നൽകും. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകളുടെ കമ്മിഷണർ ഡി.ജി.ഇ. ആയിരിക്കുമെന്നു നേരത്തേ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരെ വൈസ് പ്രിൻസിപ്പലെന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. മറ്റു സ്കൂളുകളിൽ ഇവർ ഹെഡ്മാസ്റ്റർമാർ ആയിരിക്കും. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ മേധാവിയും ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലുമാകുമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ.) വിദ്യാഭ്യാസവകുപ്പു കഴിഞ്ഞ ജൂലായിൽ ഭേദഗതി ചെയ്തിരുന്നു. വിദ്യാഭ്യാസനിയമം ഭേദഗതിചെയ്യാതെ കെ.ഇ.ആർ. ഭേദഗതി കൊണ്ടുവന്നാൽ നിയമപ്രാബല്യമുണ്ടാവില്ലെന്നു സർക്കാരിനു നിയമോപദേശം കിട്ടിയതിനാലാണ് ഓർഡിനൻസ്. Content Highlights:Govt to issue ordinance to implement Khader Committee Report, Unified Board for Classes 1 to 12


from mathrubhumi.latestnews.rssfeed https://ift.tt/2zZjNIp
via IFTTT