ശ്രീനഗർ: രണ്ടാഴ്ചയിലേറെയായി തുടരുന്ന നിയന്ത്രണങ്ങൾ ജീവിതത്തെ ബാധിച്ചെന്നു പറഞ്ഞ് വിമാനയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമുമ്പിൽ കണ്ണീരൊഴുക്കി കശ്മീരി വനിത. വീഡിയോ ഞായറാഴ്ച ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കേന്ദ്രസർക്കാരിനെ കടുത്തഭാഷയിൽ വിമർശിച്ചു. ശനിയാഴ്ച ജമ്മുകശ്മീർ സന്ദർശിക്കാൻ പോയി അതിനുകഴിയാതെ തിരിച്ചുവന്ന രാഹുലും സംഘവും സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരിയാണ് കശ്മീരിലെ അവസ്ഥപറഞ്ഞു കരഞ്ഞത്. “ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല. എന്റെ സഹോദരൻ ഹൃദ്രോഗിയാണ്. പത്തുദിവസമായി അദ്ദേഹത്തിനു ഡോക്ടറെ കാണാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ ആകെ കുഴപ്പത്തിലാണ്”- അവർ രാഹുലിനോടു പറഞ്ഞു. “പ്രതിപക്ഷം കശ്മീർപ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുന്നവർക്ക്: ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്നതിനെക്കാൾ'രാഷ്ട്രീയ'വും 'ദേശവിരുദ്ധ'വുമായി ഒന്നുമില്ല. ഇതിനെതിരേ ശബ്ദമുയർത്തുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതു ചെയ്യുന്നത് ഞങ്ങൾ അവസാനിപ്പിക്കില്ല. എത്രനാൾ ഇതിങ്ങനെ തുടരും. ദേശീയതയുടെ പേരിൽ നിശ്ശബ്ദരാക്കപ്പെട്ട, ഞെരിച്ചമർത്തപ്പെട്ട ലക്ഷക്കണക്കിനാളുകളിൽ ഒരാൾ മാത്രമാണിത്”- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക കുറിച്ചു. ജമ്മുകശ്മീരിലെ ജനങ്ങളെയും മുൻമുഖ്യമന്ത്രിമാരെയും കാണാൻ തങ്ങളെ അനുവദിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ഗവർണർ രാഹുലിനെ വിളിച്ചത് വിനോദസഞ്ചാരത്തിനോ അദ്ദേഹത്തെ മാത്രം കാണാനോ ആണോയെന്ന് ശർമ ചോദിച്ചു. വിമാനം ഡൽഹിയിലിറങ്ങാൻ വൈകി ന്യൂഡൽഹി: ജമ്മുകശ്മീരിൽനിന്ന് രാഹുൽ ഗാന്ധിയും സംഘവും മടങ്ങിയ ഗോ എയറിന്റെ ജി8-149 വിമാനം ന്യൂഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ വൈകിയത് പരിഭ്രാന്തിക്കിടയാക്കി. മറ്റൊരു വിമാനം പക്ഷിയിടിച്ചു തകരാറിലായതിനെത്തുടർന്ന് ഈ വിമാനത്തോട് ആകാശത്തു തുടരാൻ നിർദേശിക്കുകയായിരുന്നെന്ന് ഗോ എയർ വക്താവ് പിന്നീട് വ്യക്തമാക്കി. നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സംസ്ഥാനപതാക നീക്കി ശ്രീനഗർ: ജമ്മുകശ്മീർ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽനിന്ന് ഞായറാഴ്ച സംസ്ഥാനപതാക നീക്കി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനെത്തുടർന്നാണിത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വൈകാതെ സംസ്ഥാനപതാക നീക്കുമെന്നാണ് റിപ്പോർട്ട്. content highlights:kashmiri woman describes situation in jammu kashmir to rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2L6BGu4
via
IFTTT