Breaking

Friday, August 2, 2019

ഉന്നാവ്‌ ഉന്നയിച്ച് രമ്യ, ചൊടിച്ച് സ്മൃതിയും ബി.ജെ.പി. അംഗങ്ങളും

ലോക്സഭയിൽ പോക്സോ ഭേദഗതി ചർച്ചയിൽ ചൂടുയർത്തിയത് ഉന്നാവ് സംഭവവും വധശിക്ഷയെക്കുറിച്ചുള്ള വ്യത്യസ്ത നിലപാടുകളും. ചർച്ചയ്ക്കിടയിൽ കോൺഗ്രസ് അംഗം രമ്യാ ഹരിദാസ് ഉന്നാവ് ഉന്നയിച്ചത് മന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി. അംഗങ്ങളെയും ചൊടിപ്പിച്ചു. ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയും കുടുംബവും നേരിട്ട ദുരന്തത്തെക്കുറിച്ചാണ് രമ്യ പറഞ്ഞത്. ബി.ജെ.പി. എം.എൽ.എ. ലൈംഗിക പീഡനക്കേസിൽ പ്രതിയായി നിൽക്കുന്ന സമയത്തുതന്നെ, പോക്സോ നിയമഭേദഗതി ചർച്ചയ്ക്കുവരുന്നത് വൈരുധ്യമാണെന്നു അവർ കുറ്റപ്പെടുത്തി. ഇരയെയും അവർക്കു നിയമസഹായം ചെയ്യുന്നവരെയും ഉന്മൂലനം ചെയ്യാൻ ബി.ജെ.പി. ശ്രമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവർക്കു പരമാവധി വേഗത്തിൽ നീതി ലഭിക്കണം. അവരെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ സാഹചര്യം ഒരുക്കണം- രമ്യ പറഞ്ഞു. പരാമർശത്തെ പ്രതിപക്ഷാംഗങ്ങൾ കൈയടിച്ചു പിന്തുണച്ചു. എന്നാൽ, പരാമർശത്തിനെതിരേ ബി.ജെ.പി. അംഗം കിരൺ ഖേർ പ്രതിഷേധമുയർത്തി. രമ്യ മലയാളത്തിൽ പ്രസംഗിച്ചത് മനഃപൂർവമാണെന്നും ബില്ലിൽ രാഷ്ട്രീയം കലർത്തിയതു ശരിയായില്ലെന്നും കിരൺ പറഞ്ഞു. കിരണിനെ പിന്തുണച്ച് മറ്റ് ബി.ജെ.പി അംഗങ്ങൾ രംഗത്തുവന്നു. ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി സ്മൃതി ഇറാനിയും രമ്യയുടെ പരാമർശത്തെ എതിർത്തു. അംഗം ബി.ജെ.പി.യെ ചർച്ചയിലേക്കു വലിച്ചിഴച്ചതു ശരിയായില്ല. മാത്രമല്ല, രമ്യയ്ക്കു ചുറ്റുമിരുന്ന അംഗങ്ങൾ മേശയിലടിച്ചു പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു മന്ത്രി വിമർശിച്ചു. ഹീനമായ കുറ്റകൃത്യം ചെയ്താൽ ബി.ജെ.പി. നേതാക്കളെ ഈ ബിൽ ഒഴിവാക്കില്ലെന്നു സ്മൃതി പറഞ്ഞു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് ബഹളമടങ്ങി. ചർച്ചയിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ ബലാത്സംഗ പ്രതികൾക്കു വധശിക്ഷ നൽകാനുള്ള വ്യവസ്ഥയെക്കുറിച്ച് പരാമർശിച്ചു. വധശിക്ഷയെക്കുറിച്ചു രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യണം- പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷയോട് താത്ത്വികമായ എതിർപ്പുണ്ടെങ്കിലും കുട്ടികളെ ഉപദ്രവിക്കുന്നവർക്കു വധശിക്ഷ നൽകണമെന്നാണു നിലപാടെന്ന് ബി.എസ്.പി. അംഗം ഡാനിഷ് അലി അഭിപ്രായപ്പെട്ടു. Content Highlights:Ramya Haridas raises Unnao case in Lok sabha


from mathrubhumi.latestnews.rssfeed https://ift.tt/2KgXJxD
via IFTTT