Breaking

Friday, August 2, 2019

സിദ്ധാർഥ യാത്രയായത് ആതുരസേവനമെന്ന മോഹം പൂർത്തിയാക്കാനാവാതെ

ബെംഗളൂരു: കർണാടകയിലെ കാപ്പിയെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ വി.ജി. സിദ്ധാർഥ യാത്രയായത് പാവപ്പെട്ടവർക്ക് ചികിത്സനൽകാനുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെന്ന സ്വപ്നം ബാക്കിയാക്കി. കാപ്പി വ്യവസായത്തിൽ മുഴുകുമ്പോഴും ചിക്കമഗളൂരുവിലെ ആരോഗ്യരംഗത്തും ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ മോശം അവസ്ഥകണ്ട് ചിക്കമഗളൂരുവിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സിദ്ധാർഥ. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. ചിക്കമഗളൂരുവിലെ തോട്ടപ്പണിക്കാർക്കും കുടുംബാംഗങ്ങൾക്കും പാവപ്പെട്ടവർക്കും കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് സൗജന്യചികിത്സ നൽകുകയായിരുന്നു ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിക്ക് അച്ഛൻ ഗംഗയ്യ ഹെഗ്‌ഡെയുടെ പേര് നൽകാനായിരുന്നു സിദ്ധാർഥ് തീരുമാനിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അസുഖബാധിതനായി മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അച്ഛൻ ഗംഗയ്യ ഹെഗ്‌ഡെയെ അടുത്തിടെ സിദ്ധാർഥ സന്ദർശിച്ചിരുന്നു. അസുഖങ്ങളെത്തുടർന്ന് ജൂലായ് ഒമ്പതിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗയ്യ 28-നായിരുന്നു ആശുപത്രി വിട്ടത്. പുട്ടപർത്തിയിലെ ശ്രീ സത്യസായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമാനമായി ചിക്കമഗളൂരുവിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനായിരുന്നു ആഗ്രഹം. ആശുപത്രികൂടാതെ പാവപ്പെട്ടവർക്കായി പ്രീമിയം സ്പോർട്‌സ് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ അക്കാദമി ആരംഭിക്കാനും സിദ്ധാർഥ ആഗ്രഹിച്ചിരുന്നു. മനുഷ്യസ്നേഹിയായ മുതലാളിയാണെന്നായിരുന്നു സിദ്ധാർഥയെക്കുറിച്ചുള്ള ജീവനക്കാരുടെ അഭിപ്രായം. തൊഴിലാളിയൂണിയൻ നേതാവായിരുന്ന ബി.കെ. സുന്ദരേഷ് തീവണ്ടിയപകടത്തിൽ മരിച്ചപ്പോൾ സുന്ദരേഷിന്റെ കുടുംബത്തിന് സിദ്ധാർഥ സഹായം നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/335tjXA
via IFTTT