ന്യൂഡൽഹി: പ്രതിഷ്ഠയുടെ ഭക്തർ തങ്ങൾ മാത്രമാണെന്ന അവകാശവാദം പ്രതിഷ്ഠയ്ക്കുതന്നെ എതിരാവരുതെന്ന് അയോധ്യ കേസിലെ കക്ഷിയായ നിർമോഹി അഖാഢയ്ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അയോധ്യയിലെ പ്രതിഷ്ഠയായ രാം ലല്ലയുടെ ഹർജി തള്ളണമെന്നും തങ്ങൾ മാത്രമാണ് തർക്കഭൂമിയുടെ അവകാശികളെന്നും നിർമോഹി അഖാഢ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ പരാമർശമുണ്ടായത്. രാം ലല്ലയുടെ പരാതി തള്ളണമെന്നാണ് വാദമെങ്കിൽ അത് പ്രതിഷ്ഠയുടെ അവകാശത്തിന് എതിരാവില്ലേയെന്ന് കോടതി ചോദിച്ചു. തങ്ങൾ മാത്രമാണ് പ്രതിഷ്ഠയുടെ ഭക്തരെന്ന് അഖാഢ കഴിഞ്ഞദിവസവും വാദിച്ചിരുന്നു. അങ്ങനെയെങ്കിൽ നിങ്ങൾക്ക് തർക്കഭൂമിയിൽ അവകാശം ലഭിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ, നിർമോഹി അഖാഢയുടെ അവകാശങ്ങൾ ഇല്ലാതാക്കാനാവില്ലെന്ന് അവരുടെ അഭിഭാഷകനായ സുശീൽ ജെയിൻ പറഞ്ഞു. രാം ലല്ലയുടെ പരാതി തള്ളിയാൽ നിർമോഹി അഖാഢയുടെ അവകാശങ്ങൾ സ്വതന്ത്രമായി നിലനിൽക്കില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിങ്ങൾ പ്രതിഷ്ഠയ്ക്ക് എതിരായ നിലപാടാണോ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ആദ്യം ആണെന്നു പറഞ്ഞ ജെയിൻ പിന്നീട് അല്ലെന്ന് തിരുത്തി. രാം ലല്ലയുടെ പരാതി ഫയൽ ചെയ്യുന്നത് 1989-ലാണെന്നും അഖാഢയുടേത് 1934-ൽ തന്നെ നൽകിയതാണെന്നും ജെയിൻ വാദിച്ചു. രാമന്റെ ജന്മസ്ഥലത്തിന് നിയമപരമായ വ്യക്തിത്വമുണ്ടെന്ന വാദവും ജെയിൻ തള്ളി. ജന്മസ്ഥലംതന്നെ പ്രതിഷ്ഠയാണെന്നും അതിന് നിയമപരമായ വ്യക്തിത്വമുണ്ടെന്നുമുള്ള രാം ലല്ലയുടെ വാദത്തെയാണ് അഖാഢ എതിർത്തത്. ക്ഷേത്രം പണിയാനുള്ള അവകാശമാണ് വേണ്ടതെന്ന് അഖാഢ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേസിലെ മറ്റുകക്ഷികൾ തങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട തർക്കഭൂമി നിർമോഹി അഖാഢയ്ക്കും രാം ലല്ലയ്ക്കും സുന്നി വഖഫ് ബോർഡിനുമാണ് അലഹബാദ് ഹൈക്കോടതി തുല്യമായി വീതിച്ചുനൽകിയത്. ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പ്രതിദിനാടിസ്ഥാനത്തിൽ കേൾക്കുന്നത്. വാദം തിങ്കളാഴ്ചയും തുടരും. Content Highlights:Ayodhya case trial, Supreme court warn Nimohi Akhada
from mathrubhumi.latestnews.rssfeed https://ift.tt/2NoO5MF
via
IFTTT