Breaking

Thursday, August 22, 2019

തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി

തിരുവനന്തപുരം: തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ലൈഫ് ഗാർഡിനെ കടലിൽ കാണാതായി. ശംഖുംമുഖം വയർലെസ് സ്റ്റേഷനു സമീപം രാജീവ് നഗർ അഭിഹൗസിൽ ജോൺസൺ ഗബ്രിയേലി(43)നെയാണ് തിരയിൽപ്പെട്ടു കാണാതായത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. മൂന്നാർ സ്വദേശിയും വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായ അമൂല്യ(21) വൈകീട്ട് ബീച്ചിൽ എത്തിയിരുന്നു. കടലിലിറങ്ങിയ അമൂല്യ ശക്തമായ തിരയിൽപ്പെട്ട് മുങ്ങിപ്പോയി. കടലിൽപ്പെട്ടുപോയ അമൂല്യയെ ലൈഫ് ഗാർഡ് ജോൺസൺ കണ്ടു. ഓടിയെത്തിയ ജോൺസൺ കടലിലിറങ്ങി. അപകടം കണ്ട കോഫിഹൗസിലെ ജീവനക്കാരനായ ഫഹാസും കടലിലിറങ്ങി. ജോൺസൺ മുങ്ങിത്താണ അമൂല്യയെ ജോൺസണും ഫഹാസും ചേർന്നു രക്ഷിച്ച് കരയിലെത്തിച്ചു. കരയിൽ നിന്ന മറ്റുള്ള ലൈഫ് ഗാർഡുകൾ ജോൺസണെയും പെൺകുട്ടിയെയും കരയിലേക്കു വലിച്ചുകയറ്റി. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയിൽ ജോൺസൺ വെള്ളത്തിലേക്കു വീണു. അവിടെയുണ്ടായിരുന്ന കരിങ്കല്ലിൽ തലയിടിച്ചതിനെത്തുടർന്ന് ബോധരഹിതനായി. പരിക്കേറ്റു കിടന്ന ജോൺസണെ മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയടിയുണ്ടായി. കൂറ്റൻ തിരയിൽപ്പെട്ട് ജോൺസൺ കടലിൽ വീണുപോയി. ശക്തമായ തിരയായതിനാൽ ഒപ്പമുണ്ടായിരുന്നവർക്ക് ജോൺസണെ രക്ഷപ്പെടുത്താനായില്ല. പെൺകുട്ടിയെ മറ്റുള്ളവർ കരയിലേക്കു കയറ്റി പോലീസ് ജീപ്പിൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. കടലിലിറങ്ങിയ ഫഹാസിനും പരിക്കേറ്റു. സംഭവമറിഞ്ഞ് നാട്ടുകാരും ജോൺസന്റെ ബന്ധുക്കളുമെത്തി ലൈഫ് ഗാർഡുകളുമായി തർക്കത്തിലായി. സമീപത്തുണ്ടായിരുന്നിട്ടും ലൈഫ് ഗാർഡുകൾ ജോൺസണെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. കൂടുതൽ നാട്ടുകാരെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. പോലീസെത്തി സംഘർഷത്തിൽനിന്ന് ഇവരെ പിന്തിരിപ്പിച്ചു. ജോൺസണുവേണ്ടി വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണസേനയും രാത്രിയിലും ശംഖുംമുഖം തീരത്ത് തിരച്ചിൽ തുടരുകയാണ്. ശാലിനിയാണ് ജോൺസന്റെ ഭാര്യ. വിദ്യാർഥികളായ അഭി, ആതിര എന്നിവർ മക്കളാണ്. content highlights:Lifeguard saves woman, goes missing in sea shangumugham


from mathrubhumi.latestnews.rssfeed https://ift.tt/2zeA63z
via IFTTT