Breaking

Friday, August 2, 2019

ഉത്സവ സീസണിൽ ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ, കണ്ണൂർ-ഡൽഹി സർവീസ് ആഴ്ചയിൽ ഏഴാക്കി

: ഉത്സവ സീസണിൽ ഗൾഫിലേക്കു കൂടുതൽ സർവീസുകൾ നടത്താനും കണ്ണൂർ-ഡൽഹി സർവീസ് ആഴ്ചയിൽ ഏഴാക്കി ഉയർത്താനും കേരളത്തിലെ എം.പി.മാരും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. വിമാനസർവീസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിനു വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിളിച്ച യോഗം വ്യാഴാഴ്ചരാവിലെ പാർലമെന്റു മന്ദിരത്തിലാണു നടന്നത്. ഗൾഫിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കൂലിയിലെ വർധിച്ച നിരക്ക്, വിദേശരാജ്യങ്ങളിൽനിന്നു നാട്ടിലേക്കു സൗജന്യമായി മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള നടപടി, കേരളത്തിൽനിന്നു യൂറോപ്പിലേക്കു നേരിട്ട് വിമാനസർവീസ്, കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നും കൂടുതൽ ആഭ്യന്തരസർവീസുകൾ തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ എം.പി.മാർ ഉന്നയിച്ചു. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസമുള്ള ഡൽഹി-കണ്ണൂർ-കോഴിക്കോട് സർവീസ് എല്ലാദിവസവുമാക്കാമെന്നു യോഗത്തിൽ എയർ ഇന്ത്യയുടെ പ്രതിനിധി സമ്മതിച്ചു. കേരളത്തിൽനിന്നു യൂറോപ്പിലേക്കു ശരാശരി 300-400 പേർ ദിവസവും യാത്രചെയ്യുന്നുണ്ടെന്നും ഈ റൂട്ടിൽ കൊച്ചിയിൽനിന്നു നേരിട്ടു സർവീസ് വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കൂടുതൽ അന്താരാഷ്ട്രസർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാമെന്നു യോഗത്തിൽ വ്യോമയാനമന്ത്രി പറഞ്ഞു. യൂറോപ്പിലേക്കുള്ള സർവീസിനെക്കുറിച്ച് സ്വകാര്യ വിമാനക്കമ്പനികളുമായി ചർച്ച നടത്താമെന്നു മന്ത്രി അറിയിച്ചു. വിഷയം പഠിക്കാൻ വ്യോമയാനസെക്രട്ടറിയെ ചുമതലപ്പെടുത്തി.ഉത്സവസീസണുകളിലെ ഉയർന്ന നിരക്കിന്റെ കാര്യത്തിൽ വിമാനക്കമ്പനികളുമായി ചർച്ചചെയ്തു മാത്രമേ നിലപാടെടുക്കാൻ കഴിയൂവെന്നു മന്ത്രി വ്യക്തമാക്കി. നിരക്കു കുറയ്ക്കുന്നതിൽ വിമാനക്കമ്പനികൾ ആശങ്കയുണ്ടെന്നു മന്ത്രി പറഞ്ഞു. എന്നാൽ, ഉത്സവസീസണുകളിൽ ഗൾഫ് മേഖലയിലേക്കു കൂടുതൽ സർവീസുകൾ പരിഗണിക്കും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിലുള്ള എതിർപ്പ് അംഗങ്ങൾ യോഗത്തിൽ ഉയർത്താൻ ശ്രമിച്ചെങ്കിലും അക്കാര്യം പിന്നീടു ചർച്ചചെയ്യാമെന്നു പറഞ്ഞു മന്ത്രി ഒഴിവായി. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, ചില സേവനങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്നു നേരത്തേ നൽകിയ ഉറപ്പു പാലിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എയർ ഇന്ത്യയുമായി ഇക്കാര്യം ചർച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത പാർലമെന്റു സമ്മേളനത്തിൽ വ്യോമയാനമേഖലയുമായി ബന്ധപ്പെട്ട അവലോകനയോഗം ചേരുമെന്നു യോഗത്തിനു ശേഷം മന്ത്രി വി. മുരളീധരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എ.എം. ആരിഫ്, ബെന്നി ബെഹനാൻ, കെ. സുധാകരൻ, എം.കെ. രാഘവൻ, കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, രമ്യാ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, പി.വി. അബ്ദുൾ വഹാബ്, എളമരം കരീം, ബിനോയ് വിശ്വം, കെ.കെ. രാഗേഷ്, സോമപ്രസാദ്, ജോസ് കെ. മാണി തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2KmWY6l
via IFTTT