Breaking

Monday, July 1, 2019

ട്രംപിന്റെ ‘ട്വിറ്റർ നയതന്ത്രം’

'ചെയർമാൻ കിം ജോങ് ഉന്നുമായുള്ള ഉജ്ജ്വലമായ കൂടിക്കാഴ്ചയ്ക്കുശേഷം ദക്ഷിണകൊറിയയിൽനിന്നു മടങ്ങുന്നു. ഉത്തരകൊറിയയുടെ മണ്ണിൽ കാലുകുത്തി. എല്ലാവർക്കുമുള്ള സുപ്രധാന പ്രസ്താവനയാണത്. മഹത്തായ ബഹുമതിയും' -ഉത്തരകൊറിയൻ ഭരണാധികാരി കിമ്മിനെ കണ്ടുമടങ്ങിയതിനുപിന്നാലെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ 'ട്വിറ്റർ നയതന്ത്ര'ത്തിന്റെ ജയമായിരുന്നു ആ കൂടിക്കാഴ്ച. യു.എസും ഉത്തരകൊറിയയും തമ്മിലുള്ള ഭാവിബന്ധം എങ്ങനെയായാലും ട്രംപിനെ സംബന്ധിച്ച് പകരംവെക്കാനില്ലാത്ത നേട്ടം. യു.എസും കക്ഷിയായ കൊറിയൻയുദ്ധം സൃഷ്ടിച്ച രാജ്യമാണ് കമ്യൂണിസ്റ്റ് ഉത്തരകൊറിയ. അതിനുശേഷം 75 വർഷം പിന്നിട്ടു. ഇക്കാലത്തിനിടെ അധികാരത്തിലിരിക്കെ ഒരു യു.എസ്. പ്രസിഡന്റുപോലും ആ രാജ്യത്തുപോയില്ല. ശീതയുദ്ധത്തിന്റെ അവസാന അതിരായി ഉത്തര-ദക്ഷിണ കൊറിയകളുടെ അതിർത്തി തുടർന്നു. ട്രംപ് ആ അതിരുകടന്നു. അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റ നിമിഷംമുതൽ പരമ്പരാഗത നയതന്ത്രരീതികളിൽനിന്നു വേറിട്ടാണ് ട്രംപിന്റെ സഞ്ചാരം. ഉത്തരകൊറിയയും യു.എസും തമ്മിലുള്ള വൈരം വാക്പോരിലൂടെ ആളിക്കത്തിച്ച് യുദ്ധത്തിന്റെ വക്കുവരെയെത്തിച്ചശേഷമാണ് സമാധാനത്തിന്റെ മാലാഖയായുള്ള ട്രംപിന്റെ അവതാരം. ഉത്തരകൊറിയയിൽ വേരുകളുള്ള ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജേ ഇന്നിന്റെ ഇടനില ഇതിൽ നിർണായകമാണ്. മിസൈലും ബോംബുകളും പരീക്ഷിക്കുന്ന കിം ഒന്നരവർഷം മുമ്പുവരെ ട്രംപിന് 'കുള്ളനായ റോക്കറ്റ്മാനാ'യിരുന്നു. ട്രംപ് കിമ്മിന് 'വിടുവായനും ഭ്രാന്തനും'. വാക്യുദ്ധത്തിന്റെ ആ നാളുകളിലാണ് ഉത്തരകൊറിയ ഏറ്റവുമധികം മിസൈലുകളും അണ്വായുധങ്ങളും പരീക്ഷിച്ചത്. മുമ്പുകണ്ടിട്ടില്ലാത്തവിധം ഉത്തരകൊറിയയിൽ 'അഗ്നി വർഷിക്കു'മെന്ന് ട്രംപ് ഭീഷണിപ്പെടുത്തി; കിം തിരിച്ചും. 2018 ജൂണിൽ സിങ്കപ്പൂരിലെ ചർച്ചാമേശയിൽ മുഖാമുഖം ഇരിക്കുവോളം ഇരുരാജ്യവും തമ്മിലുള്ള യുദ്ധം ആസന്നം എന്ന പ്രതീതിയായിരുന്നു. ദക്ഷിണകൊറിയയിൽനടന്ന ശീതകാല ഒളിമ്പിക്സിനെ സാമാധാനത്തിനുള്ള അവസരമായി പരിണമിപ്പിച്ച് സിങ്കപ്പൂരിലെ ചർച്ചവരെയെത്തിച്ചത് മുൻ ജേ ഇന്നായിരുന്നു. ചർച്ചയ്ക്കു തയ്യാറെന്നു സൂചിപ്പിച്ചുള്ള കിമ്മിന്റെ 2018-ലെ പുതുവത്സരസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. അക്കൊല്ലം ജൂൺ 12-ന് ട്രംപും കിമ്മും തമ്മിൽ കണ്ടു. കൊറിയൻ മുനമ്പിൽ സമ്പൂർണ നിരായുധീകരണത്തിനുള്ള പ്രതിജ്ഞാബദ്ധതയറിയിച്ച് ഉടമ്പടിയുണ്ടാക്കി. ആ ഉടമ്പടിയുടെ അർഥവും വിശദാംശവും ഇന്നും വ്യക്തമല്ല. അതനുസരിച്ച് കിം ചില നിരായുധീകരണ നടപടികൾ തുടങ്ങി. എന്നാൽ, ഉപാധികളേതുമില്ലാതെ ഉത്തരകൊറിയ സകല ആണവായുധങ്ങളും ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ കടുംപിടിത്തത്തിൽ അതു നിലച്ചു. കാലങ്ങളായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഓരോന്നായി പിൻവലിക്കുന്ന മുറയ്ക്ക് നിരായുധീകരണം എന്ന നിലപാടിൽ ഉത്തരകൊറിയ ഉറച്ചുനിന്നു. എന്നിട്ടും ട്രംപും കിമ്മും വീണ്ടും കണ്ടു. ഇക്കൊല്ലം ഫെബ്രുവരി 28-ന് വിയറ്റ്നാമിലെ ഹാനോയിയിലായിരുന്നു ആ കൂടിക്കാഴ്ച. ഭാവിചർച്ചകൾക്കു തയ്യാറെണെന്ന് ഇരുനേതാക്കളും പറഞ്ഞെങ്കിലും ആ കണ്ടുമുട്ടൽ അലസിപ്പിരിഞ്ഞു. പിന്നാലെ ഏപ്രിലിൽ കിം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ കണ്ടു. മിസൈലുകൾ പരീക്ഷിച്ചു. യു.എസും ഉത്തരകൊറിയയും തമ്മിലുള്ള സമാധാനചർച്ച നിലച്ചു. എന്നിട്ടും അടുത്തിടെ കിമ്മും ട്രപും കത്തുകളയച്ചു. കിമ്മിന്റെ 'മനോഹരമായ' കത്തുകിട്ടിയെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞു. അതിനുപിന്നാലെയാണ് 'ഉജ്ജ്വലമായ' കൂടിക്കാഴ്ച. അടുത്തയാഴ്ച ആണവനിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. 'തിടുക്കമില്ല. ശരിയായ രീതിയിൽ പോയാൽ മതി' എന്നും പറഞ്ഞു. അപ്പോഴും ഉപരോധം നിലനിൽക്കും. അതിനാൽ ഞായറാഴ്ചയിലെ കണ്ടുമുട്ടൽ കൊറിയൻമുനമ്പിലെ നിരായുധീകരണത്തെ സഹായിക്കുമോ എന്നതിനെക്കുറിച്ചറിയാൻ ഇനിയുമേറെ കാക്കണം. content highlights:donald trump twitter


from mathrubhumi.latestnews.rssfeed https://ift.tt/2XiRlz3
via IFTTT