കല്പറ്റ: കർമഭൂമിയായ അമേഠിയിൽ കാലിടറിയെങ്കിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ തകർപ്പൻ ജയത്തോടെ മാനം കാത്തു. സംസ്ഥാനത്താകെ യു.ഡി.എഫ്. തരംഗത്തിന് ബലമേകിയ രാഹുൽഗാന്ധി വയനാട്ടിൽ നേടിയ വിജയം സംസ്ഥാനത്തെ എക്കാലത്തെയും വലിയ പടുകൂറ്റൻ വിജയമായി. മൂന്നുലക്ഷത്തിലേറെ വോട്ടിന് രാഹുൽ വിജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചതെങ്കിലും അവരുടെയെല്ലാം മനസ്സിൽ തുടക്കംമുതൽ അഞ്ചുലക്ഷം വോട്ടിന്റെ മേൽക്കൈയായിരുന്നു. അതിനോടടുത്ത് 4,31,770 വോട്ടിന് വിജയിച്ചുവന്നതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എക്കാലത്തെയും തിളക്കമാർന്ന വിജയമാണ് കോൺഗ്രസ് അധ്യക്ഷൻ സ്വന്തമാക്കിയത്. പ്രധാനമന്ത്രിസ്ഥാനാർഥിയെന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടുന്ന ദേശീയ നേതാവ് എന്ന നിലയിലും രാഹുലിന്റെ സ്ഥാനാർഥിത്വം എല്ലാവിഭാഗം ജനങ്ങൾക്കുമിടയിൽ വലിയസ്വാധീനം ചെലുത്തിയതായി പ്രചാരണവേളയിൽത്തന്നെ വ്യക്തമായിരുന്നു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തങ്ങൾക്ക് അനുകൂലമായി എൻ.ഡി.എ. പ്രതീക്ഷിച്ച വോട്ട് വിഹിതവും രാഹുലിന്റെ പെട്ടിയിലാണ് വീണത്. വോട്ടർമാരുടെ എണ്ണത്തിലും പോളിങ്ങിലും വലിയ വർധനയുണ്ടായിട്ടും എതിരാളികളുടെയെല്ലാം വോട്ടുവിഹിതം കുറയാൻ ഇതൊക്കെ കാരണമായി.രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തുന്നതിന്റെ പിന്നിലെ സന്ദേശമെന്തെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ കടന്നാക്രമിച്ച എൽ.ഡി.എഫ്. നേതാക്കളുടെ ആശങ്കകളാണ് വോട്ടെണ്ണിയതോടെ യാഥാർഥ്യമായത്. രാഹുൽ സ്ഥാനാർഥിയായതോടെ ഇടതുമുന്നണി എണ്ണയിട്ടയന്ത്രംപോലെ പ്രചാരണരംഗത്ത് സജീവമായിരുന്നു. അടിത്തട്ടിലെ പ്രവർത്തനങ്ങൾക്കൊപ്പം ജനക്കൂട്ടത്തെ അണിനിരത്തി വമ്പൻ റോഡ് ഷോകളും അവരൊരുക്കി. വയനാട് രാഹുലിന്റെ വാട്ടർലൂ ആവുമെന്നായിരുന്നു സീതാറാം യെച്ചൂരിയും പിണറായി വിജയനും അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനം. രാഹുലിനെ തോൽപ്പിക്കുക എന്നതിനപ്പുറം രാഹുൽതരംഗത്തിൽ തങ്ങളുടെ കാൽക്കീഴിലെ മണ്ണൊലിച്ചുപോവുന്നത് തടയുകയായിരുന്നു എൽ.ഡി.എഫിന്റെ ലക്ഷ്യം. പക്ഷേ, യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളെല്ലാം സമാഹരിച്ചതിനൊപ്പം എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിലേക്കും രാഹുലിന് കടന്നുകയറാനായി. രാഹുലിനെതിരേ ബി.ജെ.പി.സ്ഥാനാർഥി മത്സരിക്കാനെത്താതിരുന്നത് അവരുടെ അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി വമ്പൻ റോഡ്ഷോകളിലൂടെ കളം നിറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞതവണത്തെ വോട്ട് നിലയിലെത്താനായില്ല.കുതിപ്പ് ഇങ്ങനെരാഹുൽഗാന്ധി ചെലുത്തിയ സ്വാധീനം വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങൾമുതൽ പ്രകടമായിരുന്നു. ആദ്യറൗണ്ടിൽ നേടിയ 5510 വോട്ടിൽ തുടങ്ങിയ മുന്നേറ്റം ഓരോ ഘട്ടത്തിലും അദ്ദേഹം ഉയർത്തിക്കൊണ്ടിരുന്നു. ഒരുമണിക്കൂറിനുള്ളിൽ 5.18 ശതമാനം വോട്ടെണ്ണിയപ്പോൾ ലീഡ് 25,801 വോട്ടായി. 36.66 ശതമാനമായപ്പോൾ 2009-ൽ എം.ഐ. ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം മറികടന്നു. 46.72 ശതമാനം എണ്ണിയപ്പോൾ സംസ്ഥാനത്തെ റെക്കോഡും രാഹുലിന് മുന്നിൽ പഴങ്കഥയായി. 2014-ൽ മലപ്പുറത്ത് ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അതുവരെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന ഭൂരിപക്ഷം. 47.18 ശതമാനമായപ്പോൾ ഭൂരിപക്ഷം 2,01,442 ആയി. 71.57 ആയപ്പോൾ 3,03,512 ൽ എത്തിയ ഭൂരിപക്ഷം 93.22-ൽ എത്തിയപ്പോൾ 4,03,012 ആയി.
from mathrubhumi.latestnews.rssfeed http://bit.ly/2JBlzX6
via
IFTTT