Breaking

Friday, May 24, 2019

ബംഗാളിൽ മമത ഭയന്നത് സംഭവിച്ചു; ഇടത് വോട്ടുകൾ ഒന്നടങ്കം ബി.ജെ.പി.യിലേക്കെത്തി

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പാണ് തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തരറിപ്പോർട്ട് പുറത്തുവന്നത്. സി.പി.എം. വോട്ടുകൾ ഗണ്യമായി ബി.ജെ.പി.യിലേക്ക് ഒഴുകിയെന്നുള്ള ആശങ്ക പങ്കുവെക്കുന്നതായിരുന്നു ആ റിപ്പോർട്ട്. ഇക്കാര്യം അക്ഷരാർഥത്തിൽ തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഒരുസീറ്റുപോലും നേടാനായില്ലെന്നു മാത്രമല്ല ഒരിടത്തുപോലും രണ്ടാം സ്ഥാനത്തെത്താനും ബംഗാളിൽ സി.പി.എമ്മിന് ആയില്ല. ബി.ജെ.പി.യിലേക്ക് പാർട്ടിയിൽനിന്ന് വോട്ടൊഴുകിയിട്ടുണ്ടെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ തിരഞ്ഞെടുപ്പ് വേളയിൽതന്നെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഇക്കാര്യം തുറന്നുസമ്മതിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വത്തിൽ പിടിച്ചുനിൽക്കാനാകാതെ സി.പി.എം. ചുരുണ്ടപ്പോഴും വോട്ടിങ് ശതമാനത്തിൽ കാര്യമായ കോട്ടം സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. 2014-ൽ രണ്ടു സീറ്റിൽമാത്രം സി.പി.എം. ഒതുങ്ങിയപ്പോഴും ഇടതുപാർട്ടികൾക്ക് 30 ശതമാനത്തോളം വോട്ടുകൾ നേടാനായി. എന്നാലിത്തവണ ഇടതുപാർട്ടികൾക്ക് ആകെ ലഭിച്ചത് എട്ട് ശതമാനത്തിന് താഴെ വോട്ടുകൾമാത്രമാണ്. രണ്ട് സീറ്റും 17 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന ബി.ജെ.പി.ക്ക് ഇത്തവണ ലഭിച്ചതാകട്ടെ 18 സീറ്റും 40.2 ശതമാനം വോട്ടും. സ്വന്തംപാർട്ടി നേട്ടമുണ്ടാക്കാത്തതിൽ മനംമടുത്തും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയിൽ ഭീതി ബാധിച്ചവരുമായ ഇടതുപാർട്ടി പ്രവർത്തകരെ തങ്ങളിലേക്കടുപ്പിക്കാൻ വ്യക്തമായ ആസൂത്രണത്തോടെയാണ് ബി.ജെ.പി. പ്രവർത്തിച്ചത്. പ്രതിപക്ഷ ഏകീകരണം കാരണം യു.പി.യിലടക്കം സീറ്റുകൾ നഷ്ടപ്പെടുകയാണെങ്കിൽ അത് നികത്താനുള്ള ഇടങ്ങളായി ബി,ജെ.പി. കണ്ടെത്തിയത് ബംഗാളും ഒഡിഷയുമായിരുന്നു. കൃത്യമായ പദ്ധതികളോടെ ഇത് നടപ്പാക്കുകയും അതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്തു. 30 ശതമാനം വോട്ടുള്ള ഇടതുപാർട്ടിയല്ല ബി.ജെ.പി.യാണ് യഥാർഥ ഭീഷണിയെന്ന് മമത നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മോദി-ദീദി പോരാട്ടമായി മാറിയതും അതുകൊണ്ടാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയും ഭരണമുപയോഗിച്ചും മമത തന്റെ അടിത്തറയിളകാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിളകി. ബംഗാളിലെ ഭരണമാണ് ലക്ഷ്യമെന്ന് അമിത് ഷാ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരുംനാളുകളിൽ സംസ്ഥാനത്ത് കൂടുതൽ സംഘർഷം സൃഷ്ടിക്കുമെന്നുറപ്പ്.2014-ൽ രണ്ട് സീറ്റുകളിൽ മാത്രമേ ജയിക്കാനായിരുന്നുള്ളൂവെങ്കിലും 33 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇടതുപാർട്ടികൾ. രണ്ട് സീറ്റ് കിട്ടിയ ബി.ജെ.പി. രണ്ടിടത്ത് മാത്രമേ അന്ന് രണ്ടാം സ്ഥാനത്തുപോലും വന്നിരുന്നുള്ളൂ. എന്നാൽ ഇത്തവണ ബംഗാളിലെ 42 മണ്ഡലങ്ങളിൽ ഒരിടത്ത് കോൺഗ്രസ് ജയിച്ചതൊഴിച്ചാൽ ബാക്കി 41 മണ്ഡലങ്ങളിലും ബി.ജെ.പി.-തൃണമൂൽ മത്സരമായിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസും സി.പി.എമ്മും അപ്രസക്തമായി.


from mathrubhumi.latestnews.rssfeed http://bit.ly/2JYK9R2
via IFTTT