പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിന് മുമ്പ് ഈ പ്രശ്‌നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിന് സ്ഥിരമായ പരിഹാരം കാണാനാണ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതിനായി 91 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
പുതിയ ബ്ലോക്ക് നിര്‍മ്മിച്ചതു മുതലാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായതെന്നാണ് ഡി.എം.ഒ. വ്യക്തമാക്കിയിട്ടുള്ളത്. സ്വീവേജ് സംവിധാനം പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് ഈ കെട്ടിടം കൈമാറാത്തത്. നിലവിലെ ഡ്രൈനേജ് സംവിധാനം നേരത്തേയും ഓവര്‍ ഫ്‌ളോ ആയിരുന്നു. അന്ന് മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ചെറിയൊരു പ്ലാന്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവിടം ചതിപ്പ് പ്രദേശമായതിനാല്‍ അത് നിറഞ്ഞ് വീണ്ടും ഓവര്‍ഫ്‌ളോ ആകുകയായിരുന്നു. മാലിന്യങ്ങള്‍ ഉടന്‍ തന്നെ പമ്പ് ചെയ്ത് നീക്കുന്നതാണെന്നും ഡി.എം.ഒ. അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറും ഇടപെടുന്നതാണെന്ന് മന്ത്രി അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2JdDz9N
via IFTTT