തിരുവന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ബി.ജെ.പി ഏറ്റവും പ്രതീക്ഷ വെച്ച തിരഞ്ഞടുപ്പായിരുന്നു ഇത്തവണത്തേത്. ശബരിമല വിഷയവും മറ്റ് അനുകൂല ഘടകങ്ങളും കാരണം ഏറ്റവും കുറഞ്ഞത് മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചു. മറ്റ് സീറ്റുകളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അവർ കണക്കുകൂട്ടി. ഗവർണർ സ്ഥാനം രാജി വെപ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിർത്തി. രാജ്യസഭ എം.പി സുരേഷ് ഗോപിയെയും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും സ്ഥാനാർഥിയാക്കി. പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി. 20 എൻ.ഡി.എ സ്ഥാനാർഥികളിൽ 13 പേർക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്. കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടവരിൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനും യുവമോർച്ച, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റുമാരും ഉൾപ്പെടും. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. സംസ്ഥാനത്ത് മത്സരിച്ച് ഏഴ് എൻഡിഎ സ്ഥാനാർഥികൾക്ക് മാത്രമാണ് ഇത്രയും വോട്ട് നേടാനായത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരൻ (തിരുവനന്തപുരം), ശോഭ സുരേന്ദ്രൻ (ആറ്റിങ്ങൽ), സി കൃഷ്ണകുമാർ (പാലക്കാട്) കെ സുരേന്ദ്രൻ (പത്തനംതിട്ട) സുരേഷ് ഗോപി (തൃശൂർ), കെ.എസ് രാധാകൃഷ്ണൻ (ആലപ്പുഴ), പി.സി തോമസ് (കോട്ടയം) എന്നിവർ മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാർഥികൾ. തുഷാർ വെള്ളാപ്പള്ളിയും അൽഫോൻസ് കണ്ണന്താനവുമാണ് ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത്. ശബരിമല സമരത്തിന്റെ മുന്നണിപോരാളിയായിരുന്ന എ.എൻ രാധാകൃഷ്ണനും (ചാലക്കുടി) യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് പ്രകാശ് ബാബുവിനും (കോഴിക്കോട്) മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി രമയ്ക്കും (പൊന്നാനി) കെട്ടിവെച്ച കാശ് പോയി. സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ (വടകര), ബി.ഡി.ജെ.എസ് നേതാവ് ടി.വി ബാബു (ആലത്തൂർ) ന്യൂനപക്ഷ മോർച്ച നേതാവ് സാബു വർഗീസ് (കൊല്ലം), ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവൻ (മാവേലിക്കര), ബി.ഡി.ജെ.എസ് നേതാവ് ബിജു കൃഷ്ണൻ (ഇടുക്കി), രവീശ തന്ത്രി കുണ്ടാർ (കാസർകോട്) എന്നിവരാണ് കെട്ടിവെച്ച കാശ് പോയ മറ്റ് ബി.ജെ.പി സ്ഥാനാർഥികൾ. ബി.ഡി.ജെ.എസ് സ്ഥാനാർഥികളായി മത്സരിച്ച ആർക്കും കെട്ടിവെച്ച കാശ് നേടാൻ കഴിഞ്ഞില്ല. 1951ലെ ജനപ്രാധിനിത്യ നിയമപ്രകാരം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥി നാമനിർദേശ പത്രികയ്ക്കൊപ്പം ഒരു തുക കെട്ടിവെയ്ക്കണം. തുടക്ക സമയത്ത് നാമമാത്രമായിരുന്ന ഈ തുക 1996ലെ തിരഞ്ഞെടുപ്പ് സമയത്ത് ഇരുപതിരട്ടിയായി വർധിപ്പിക്കുകയായിരുന്നു. ഇപ്പോൾ 25000 രൂപയാണ് ഇത്തരത്തിൽ കെട്ടിവെയ്ക്കേണ്ടത്. ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. content highlights: 13 NDA candidates lose security deposits in lok sabha election
from mathrubhumi.latestnews.rssfeed http://bit.ly/2VPOCYC
via
IFTTT