Breaking

Saturday, September 29, 2018

എട്ടുദിവസം മുമ്പ് മരിച്ചയാളുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

കാളികാവ്: എട്ടുദിവസംമുമ്പ് മരിച്ചയാളുടെ മൃതദേഹം പരാതിയെത്തുടർന്ന് ശനിയാഴ്ച പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചവിടിയിലെ മൈലാടിയിൽ താമസിച്ചുവന്ന മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് പരിശോധിക്കുക. ആദ്യ ഭാര്യയിലെ മകന്റെ പരാതിയെത്തുടർന്നാണ് പരിശോധന .21ന് മരിച്ച മുഹമ്മദിന്റെ മൃതദേഹം മരുതയിൽ അന്നുതന്നെ ഖബറടക്കിയിരുന്നു. പെരിന്തൽമണ്ണ ആർ.ഡി.ഒയുടെയും പോലീസ് സർജന്റേയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കും. ഭർത്താവ് മരിച്ച് മൂന്നുദിവസം കഴിയുമ്പോഴേക്ക് ഭാര്യ രണ്ട് മക്കളേയുംകൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടതായി മകൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പോലീസിന്റെ പ്രഥമവിവര റിപ്പോർട്ട് പ്രകാരം മുഹമ്മദ് മരിച്ചതിന്റെ തലേദിവസം കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നതായി പറയുന്നുണ്ട്. രാത്രി മുഹമ്മദും മറ്റൊരുസുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചു. കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയിൽ കിടത്തി. ഇതേമുറിയിൽ ത്തന്നെയാണ് കുടുംബ സുഹൃത്ത് ഉണ്ടായിരുന്നത്. നേരം വെളുത്തതോടെ കുടുംബ സുഹൃത്ത് പെട്ടെന്ന് സ്ഥലംവിട്ടു. മുഹമ്മദ് ഉറക്കത്തിൽനിന്ന് ഉണരാത്തതിനെത്തുടർന്ന് ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ്‌ മരിച്ചവിവരം അറിയുന്നത്. ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടർ പറഞ്ഞു. സ്വാഭാവിക മരണമെന്ന നിലയിൽ മരുതയിൽനിന്ന് ബന്ധുക്കളെത്തി ഖബറടക്കം നടത്തി. ഭാര്യ കുടുംബസുഹൃത്തിന്റെകൂടെ നാടുവിട്ടു എന്ന പരാതി ഉയർന്നതോടെയാണ് ബന്ധുക്കൾക്ക് മരണത്തെക്കുറിച്ച് സംശയമുണ്ടായത്. മകന്റെ പരാതിയിൽ കാളികാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NP8tI7
via IFTTT