Breaking

Thursday, November 11, 2021

പോലീസിന്റെ പെങ്ങളുകുട്ടിക്ക് മാംഗല്യം; ജീവിതത്തോട് പടപൊരുതിയ ജ്യോതിക്ക് സ്വപ്നസാഫല്യം

അടൂർ: പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജ്യോതിയുടെ ജീവിതയാത്രയ്ക്ക് ഒരു കൂട്ട്. ഒപ്പം തങ്ങളുടെ പെങ്ങളുകുട്ടിയുടെ കരങ്ങൾ ചേർത്തുപിടിക്കാനും കണ്ണുനീർ ഒപ്പാനും ഒരു തുണയായി എന്ന ആശ്വാസം അടൂർ സ്റ്റേഷനിലെ പോലീസുകാർക്കും. അടൂർ പോലീസ് സ്റ്റേഷനിൽ കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വൊളന്റിയറായി പ്രവർത്തിക്കുന്ന ജ്യോതിയുടെ വിവാഹമായിരുന്നു ബുധനാഴ്ച. അതും പോലീസ് സാന്നിധ്യത്തിൽ. ഇളമണ്ണൂർ പുതങ്കര കൊല്ലായിക്കോട് പുത്തൻ വീട്ടിൽ പൊടിയന്റെയും പരേതയായ സരസ്വതിയുടെയും മകളാണ് എസ്. പി. ജ്യോതി. ആരോഗ്യവകുപ്പിലെ ജീവനക്കാരൻ, പന്തളം കുരമ്പാല ബിനുഭവനിൽ ഭാർഗവന്റെയും തങ്കമണിയുടെയും മകൻ ബിനുവാണ് ജ്യോതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. പോലീസുകാർക്ക് ഏറെ പ്രിയപ്പെട്ടവളാണ് ജ്യോതി. ചെറുപ്പംമുതൽ ജീവിത പ്രാരബ്ധങ്ങളോട് പടപൊരുതിയായിരുന്നു ജീവിതം. അമ്മയുടെ മരണശേഷം വരുമാനത്തിനായി ഡ്രൈവിങ് പഠിച്ചു. ആദ്യം ചെറിയ വാഹനങ്ങൾ ഓടിച്ചുപഠിച്ച ശേഷം ബസുകളും മറ്റു വാഹനങ്ങളും ഓടിക്കാൻ പഠിച്ചു. പിന്നീട് ഡ്രൈവിങ് സ്കൂളിൽ ജോലിചെയ്തു. അവിടെ നിന്ന് അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എം പാനൽ കണ്ടക്ടറായും ജോലിനോക്കി. സാമ്പത്തികമായി ഒന്നു പിടിച്ചുനിൽക്കാൻ തുടങ്ങിയപ്പോഴേക്കും ആ തൊഴിൽ നഷ്ടപ്പെട്ടു. പിന്നീട് ശബരിമല സീസണിലും മറ്റും തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ പോലീസ് ഓഫീസറായും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായും സേവനം അനുഷ്ടിച്ചു. ലോക് ഡൗൺ സമയത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകിയ ജ്യോതിയുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു . ഇളമണ്ണൂർ മുതൽ അടൂർ ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള ഭാഗങ്ങളിലുള്ള തെരുവുനായകൾക്ക് പതിവായി ഭക്ഷണം നൽകിയിരുന്നു. പക്ഷികൾക്കും ഇതോടൊപ്പം ഭക്ഷണം നൽകി. സ്കൂട്ടറിലായിരുന്നു ഭക്ഷണവിതരണം. ചെറുപ്പത്തിലേ ബന്ധുക്കളിൽ ചിലരുടെ രൂക്ഷവിമർശനത്തിന് ഇരയായ പെൺകുട്ടിയാണ് ജ്യോതി. വീട്ടിൽ താമസിച്ചിരുന്ന പ്രായമായ ഒരു ബന്ധുവിനെ പെട്ടെന്ന് കാണാതായി. ബന്ധുക്കൾ ജ്യോതിക്കും അച്ഛനുമെതിരേ വിമർശനവുമായി രംഗത്തെത്തി. ബന്ധുവിനെ ഇവർ വകവരുത്തി മൃതശരീരം ഒളിപ്പിച്ചു എന്നായിരുന്നു ആരോപണം. പക്ഷേ 14 വർഷത്തിനു ശേഷം ഈ ബന്ധു തിരികെ നാട്ടിൽ എത്തി. അപ്പോഴേക്കും പലരുടെയും കുത്തിനോവിക്കലുകൾ ഏറെ ഏറ്റിരുന്നു ജ്യേതിയുടെ മനസ്സിൽ. ജീവിതയാത്രയിൽ പടപൊരുതുന്ന ഏതൊരു സ്ത്രീക്കും ഇന്ന് വെളിച്ചമാണ് ഈ ജ്യോതി.


from mathrubhumi.latestnews.rssfeed https://ift.tt/3HaJB5w
via IFTTT