Breaking

Tuesday, November 23, 2021

അർബുദം ബാധിച്ച് ദമ്പതിമാർ...പടിവാതിൽക്കൽ ജപ്തി

വടകര : കഷ്ടപ്പാടിന്റെ ഈ കൂടാരത്തിലേക്ക് കയറിവരാൻ ഇനി ജപ്തി മാത്രമേ ബാക്കിയുള്ളൂ. അതും പടിവാതിൽക്കലെത്തിക്കഴിഞ്ഞു... ഇനിയെന്തെന്ന് ചോദിക്കുമ്പോൾ നിസ്സഹായരായി ഇരിക്കാനേ സതീശനും ഭാര്യ നസീറയ്ക്കും കഴിയൂ. അർബുദത്തോട് പൊരുതുകയാണ് രണ്ടുപേരും. സതീശന് നട്ടെല്ലിലാണ് കാൻസർ, നസീറയ്ക്ക് ബ്രെയിൻ ട്യൂമറും... ഇതിനിടയിലാണ് വീട്നിർമാണ വായ്പ കുടിശ്ശികയായി ബാങ്കിൽനിന്ന് ജപ്തിനോട്ടീസും വന്നുകിടക്കുന്നത്. ആകെ അടയ്ക്കേണ്ടത് 5.85 ലക്ഷം രൂപ. മണിയൂർ പഞ്ചായത്തിലെ മുതുവനയിലാണ് പാറയിൽ സതീശനും ഭാര്യ നസീറയും മൂന്നുവയസ്സുള്ള മകനും താമസിക്കുന്നത്. കൂലിപ്പണിക്കാരനായിരുന്നു സതീശൻ. ഉള്ളത് മിച്ചംവെച്ചും ബാങ്കിൽനിന്ന് നാലുലക്ഷം രൂപ ഭവനവായ്പയെടുത്തും 2016-ൽ വീടുനിർമാണം തുടങ്ങി. പണി നടന്നുകൊണ്ടിരിക്കുന്നതിനിടെ നാലുവർഷംമുമ്പാണ് സതീശന് ജോലിക്കിടെ നടുവേദന വന്നത്. ചികിത്സയ്ക്കിടെ ഡോക്ടർമാർ വിധിയെഴുതി... നട്ടെല്ലിന് കാൻസർ. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ 25 റേഡിയേഷൻ നടത്തി. പിന്നെ ജോലിക്ക് പോകാൻ കഴിയാതായി. ഇതിനിടെ ഭാര്യ നസീറ ഗർഭിണിയായി. നാലുമാസം പൂർത്തിയായസമയത്ത് തലചുറ്റൽ, ബാലൻസ് തെറ്റൽ എന്നീ പ്രശ്നങ്ങളുമായി ചികിത്സതേടിയപ്പോൾ അശനിപാതംപോലെ അടുത്ത പ്രഹരം. നസീറയ്ക്ക് ബ്രെയിൻ ട്യൂമർ. പിന്നെ ഒരുവർഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചത്. ഇതിനിടെ മകൻ പിറന്നു. കുട്ടിയെ എടുത്തശേഷം തലയ്ക്ക് ഒരു ശസ്ത്രക്രിയയും നടത്തി. ഇപ്പോൾ നസീറയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. നാട്ടുകാർ സമാഹരിച്ചുനൽകിയ തുകയാണ് നസീറയുടെ ചികിത്സയ്ക്ക് തുണയായത്. കുറേക്കാലം ജോലിക്ക് പോയിരുന്നില്ല സതീശൻ. ഇപ്പോൾ അവശതകളെ മറന്ന് ഇടയ്ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്ക് പോകും. മുമ്പത്തെപ്പോലെ പുറത്ത് കൂലിപ്പണിക്ക് പോകാൻ ശ്രമിച്ചെങ്കിലും ഈയ്യിടെ ജോലിക്കിടെ തലകറങ്ങിവീണു. രോഗം വില്ലനായപ്പോൾ വീടുപണിയും നിലച്ചു. കോൺക്രീറ്റ് പൂർത്തിയായതിനാൽ ഇതിനുള്ളിൽ താമസിക്കുന്നുണ്ട്. ഒരു മുറി നാട്ടുകാർ ചേർന്നാണ് തേച്ചുനൽകിയത്. ഭവനവായ്പയുടെ തിരിച്ചടവ് നിരന്തരം തെറ്റിയതോടെ ഓഗസ്റ്റിലാണ് 5.85 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് നോട്ടീസ് വന്നത്. ഇല്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് നിലവിലുള്ള അവസ്ഥ ബോധ്യപ്പെടുത്തുകയും അധികൃതർക്ക് അപേക്ഷ നൽകുകയുംചെയ്തു. പലിശയിൽ കിഴിവുനൽകാമെന്നും മുതലെങ്കിലും അടയ്ക്കണമെന്നും ബാങ്കധികൃതർ പറഞ്ഞിരുന്നതായി സതീശൻ പറഞ്ഞു. പറഞ്ഞ തീയതിയെല്ലാം കഴിഞ്ഞു. പക്ഷേ, നിത്യജീവിതംപോലും വഴിമുട്ടിനിൽക്കുമ്പോൾ എങ്ങിനെ ഈ തുക അടയ്ക്കുമെന്ന് സതീശനറിയില്ല. ജപ്തിയായാൽ എങ്ങോട്ടുപോകുമെന്നും അറിയില്ല. എന്തെങ്കിലും വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സതീശന്റെ ഫോൺ- 9846917554. Content Highlights: Satheeshan and Naseera, Cancer, Foreclosure, home loan


from mathrubhumi.latestnews.rssfeed https://ift.tt/3l0K4Og
via IFTTT