Breaking

Friday, November 12, 2021

ഷോര്‍ട്ട് സര്‍ക്യൂട്ടിൽ വീടിനു തീപിടിച്ചു; വീട്ടുടമസ്ഥന് ആറുലക്ഷം നഷ്ടപരിഹാരം

മൈസൂരു: ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി വീട്ടിനു തീപിടിച്ച സംഭവത്തിൽ സംസ്ഥാന ഉപഭോക്തൃ കോടതിയിൽനിന്ന് കുടക് സ്വദേശിക്ക് അനുകൂലവിധി. ഉപഭോക്താവിനുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരമായി വൈദ്യുതിവിതരണ കമ്പനി പലിശസഹിതം 6.20 ലക്ഷം രൂപ നൽകാനാണ് കോടതിയുടെ ഉത്തരവ്. കുടകിലെ സോമവാരപേട്ട് താലൂക്കിലെ നാഗരൂർ ഗ്രാമസ്വദേശി എസ്.എൽ. ശങ്കറിന്റെ വീട്ടിനാണ് തീപിടിച്ചത്. 2017 ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. കനത്ത മഴയെത്തുടർന്ന് ശങ്കറിന്റെ വീട്ടിനു സമീപത്തെ ട്രാൻസ്ഫോമറിൽ 11 കെ.വി.യുടെ വൈദ്യുതക്കമ്പി പൊട്ടിവീണു. ഇതോടെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് ശങ്കറിന്റെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പിടിത്തമുണ്ടാവുകയും ഭൂരിഭാഗം വൈദ്യുത സാമഗ്രികൾ കത്തിനശിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ശങ്കർ പോലീസിൽ പരാതി നൽകുകയും ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോർപ്പറേഷന്റെ സോമവാരപേട്ട് സബ്ഡിവിഷനിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ, നടപടിയുണ്ടാകാതെ വന്നതോടെ വൈദ്യുതിവിതരണ കോർപ്പറേഷൻ എം.ഡി.ക്കും ഡിവിഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ മടിക്കേരി ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടർന്ന് 2018 നവംബർ 17-ന് ശങ്കറിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ, സംഭവം ദൈവത്തിന്റെ പ്രവൃത്തി കാരണമുണ്ടായ പ്രകൃതിദുരന്തമാണെന്നും തങ്ങൾ ഉത്തരവാദിയല്ലെന്നും കോർപ്പറേഷൻ വാദിച്ചു. തുടർന്ന് ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, വൈദ്യുതക്കമ്പിയും ട്രാൻസ്ഫോമറും ചാമുണ്ഡേശ്വരി കോർപ്പറേഷന്റേതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കോർപ്പറേഷന് സാധിക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് കോർപ്പറേഷൻ എം.ഡി.യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശങ്കറിന് നഷ്ടപരിഹാരമായി പലിശസഹിതം ആറുലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികവേദനയ്ക്ക് 10,000 രൂപയും കോടതിച്ചെലവിനത്തിൽ 10,000 രൂപയും നൽകണമെന്നും വ്യക്തമാക്കി. രണ്ടുമാസത്തിനകം മുഴുവൻ തുകയും നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3n6lH3a
via IFTTT