Breaking

Friday, November 12, 2021

ആ വെടിക്കെട്ട് ഇന്നിങ്സിന് റിസ്വാന്‍ പാഡണിഞ്ഞിറങ്ങിയത് ഐ.സി.യുവില്‍ നിന്ന്

ദുബായ്:സെമിയിൽ ഓസ്ട്രേലിയക്ക് മുന്നിൽ കാലിടറിപ്പോയെങ്കിലും പാകിസ്താനുവേണ്ടി വീറുറ്റ പോരാട്ടമാണ് ഓപ്പണർ മുഹമ്മദ് റിസ്വാൻ കഴ്ചവച്ചത്. 52 പന്തിൽ നിന്ന് 67 റൺസ്. ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഒന്നാം വിക്കറ്റിൽ 71 റൺസിന്റെ കിടിലൻ തുടക്കവും. എന്നാൽ, ഈ വിരോചിത പോരാട്ടത്തിനായി ഇറങ്ങുംമുൻപ് രണ്ടുനാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു റിസ്വാൻ. നെഞ്ചിൽ കടുത്ത അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റിസ്വാൻ. അപകടാവസ്ഥയിലായതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ സെമിയിൽ കളിക്കാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, അത്ഭുതരമായി ആരോഗ്യം വീണ്ടെടുത്ത റിസ്വാൻ ഒൻപതാം തീയതി ആശുപത്രി വിട്ടു. സെമി നടന്ന വ്യാഴാഴ്ച കാലത്ത് തന്നെയാണ് ആശുപത്രി വിട്ട് ടീമിനൊപ്പം ചേർന്നത്. രോഗം ബാധിച്ചിട്ടേയില്ല എന്ന മട്ടിലാണ് ഓസ്ട്രേലിയക്കെതിരേ കളിച്ചതും. എൺപത്തിയേഴ് മിനിറ്റ് ക്രീസിൽ നിന്ന് റിസ്വാൻ 52 പന്തുകൾ നേരിടുകയും ചെയ്തു. നാല് സിക്സും മൂന്ന് ബൗണ്ടറിയും നേടിയ ഇന്നിങ്സിൽ ഒരുവേള പോലും രോഗത്തിന്റെ ക്ഷീണം നിഴലിട്ടില്ല. റിസ്വാന്റെ പോരാട്ടത്തെ ആദ്യം തന്നെ വാഴ്ത്തിയത് ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനാണ്. തികഞ്ഞ പോരാളി എന്നാണ് ഹെയ്ഡൻ വിശേഷിപ്പിച്ചത്. ക്രീസിൽ അപാരമായ ധൈര്യമാണ് റിസ്വാൻ പ്രദർശിപ്പിച്ചതെന്നും ഹെയ്ഡൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് തിരിച്ചുവന്ന ഉടനെ റിസ്വാനെ കളിപ്പിക്കാനുള്ള തീരുമാനം ടീം ഒറ്റക്കെട്ടായാണ് കൈക്കൊണ്ടതെന്ന് പാക് ടീം ഡോക്ടർ നജീബ് സൊംരൂ പറഞ്ഞു. റിസ്വാന്റെ ടീം സ്പിരിറ്റാണ് ഈ പ്രകടനത്തിൽ ദൃശ്യമായതെന്ന് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. ആശുപത്രിയിൽ നിന്ന് വന്ന ഉടനെ ചെന്നു കണ്ടപ്പോൾ ചെറിയൊരു തളർച്ച ദൃശ്യമായിരുന്നു റിസ്വാനിൽ. കളിക്കുന്ന കാര്യം ആരാഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് സമ്മതം മൂളിയത്. റിസ്വാന്റെ പ്രകടനത്തിൽ എനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു-അസം പറഞ്ഞു. പാകിസ്താനുവേണ്ടി 49 ടിട്വന്റി മത്സരങ്ങൾ കളിച്ചിട്ടുള്ള ഇരുപത്തിയൊൻപതുകാരനായ റിസ്വാൻ ടിട്വന്റി ലോകകപ്പിനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയ്ക്കെതിയും നമീബിയയ്ക്കെതിരേയും പുറത്താകാതെ നേടിയ 79 റൺസാണ് ടോപ് സ്കോർ. ന്യൂസീലൻഡിനെതിരേ 33 റൺസും നേടി. Content Highlights:Pakistans Mohammad Rizwan Had Two Days In Intensive Care Before T20 World Cup Semi


from mathrubhumi.latestnews.rssfeed https://ift.tt/3DcavYi
via IFTTT