കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസ് ലേണേഴ്സ് പരീക്ഷ ഓൺലൈനാക്കുന്നു. വീട്ടിലിരുന്നും മൊബൈൽ ഫോണിലൂടെയോ കംപ്യൂട്ടർവഴിയോ പരീക്ഷ എഴുതാം. അടച്ചിടലിനുശേഷം നിർത്തിവെച്ചിരുന്ന ലേണേഴ്സ് ടെസ്റ്റുകളാണ് പുനരാരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനുള്ള സാരഥി സോഫ്റ്റ്വെയറിൽ ക്രമീകരണങ്ങൾ പൂർത്തിയാൽ ടെസ്റ്റ് ആരംഭിക്കും. നാലുലക്ഷം അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇപ്പോൾ ഓഫീസുകളിൽ ടെസ്റ്റ് പ്രായോഗികമല്ലാത്തതിനാലാണ് തത്കാലം ഓൺലൈനിൽ നടത്താൻ സർക്കാർ നിർദേശിച്ചത്. 50 ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് അരമണിക്കൂർ അനുവദിക്കും. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈൻ പരീക്ഷാസൈറ്റിൽ പ്രവേശിക്കുന്നതിന് യൂസർനെയിമും പാസ്വേഡും നൽകും. ജയിക്കാൻ 30 ശരി ഉത്തരങ്ങൾ വേണം. രാത്രി എട്ടുമുതൽ 11 വരെയോ അല്ലെങ്കിൽ പൂർണസമയമോ ടെസ്റ്റ് അനുവദിച്ചേക്കും. ഇതിന്റെ നടപടിക്രമം ട്രാൻസ്പോർട്ട് കമ്മിഷണർ പുറപ്പെടുവിക്കും. അതേസമയം ഓൺലൈൻ പരീക്ഷയിൽ ആൾമാറാട്ടവും ക്രമക്കേടും തടയാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ 20 മാർക്കിന്റെ പരീക്ഷയാണ് നടത്തിയിരുന്നത്. ഇതിൽ 12 മാർക്ക് നേടുന്നവർ വിജയിച്ചിരുന്നു. താരതമ്യേന ലഘുവായ ചോദ്യങ്ങൾ ആണെങ്കിൽക്കൂടി 20 ശതമാനംപേർ തോറ്റിരുന്നു. എന്നാൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. Content Highlights:Motor Vehicle Department Conduct Online Driving Licence Learners Test
from mathrubhumi.latestnews.rssfeed https://ift.tt/2NLPGLu
via
IFTTT