ലണ്ടൻ: യൂറോ 2020 യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനും ഫ്രാൻസിനും പോർച്ചുഗലിനും തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് മടക്കമില്ലാത്ത നാലു ഗോളിന് ബൾഗേറിയയെയും ഗ്രൂപ്പ് എച്ചിൽ ഫ്രാൻസ് അൽബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോൽപിച്ചത്. വെംബ്ലി സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ ബൾഗേറിയക്കെതിരേ ഇംഗ്ലണ്ട് സമ്പൂർണാധിപത്യം പുലർത്തുകയായിരുന്നു. രണ്ട് പെനാൽറ്റികൾ അടക്കം 24, 49, 73 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. 49, 73 മിനിറ്റുകളിലായിരുന്നു പെനാൽറ്റികൾ. ആദ്യത്തേത് മാർക്കസ് റാഷ്ഫോഡിനെ നിക്കോളായ് ബൊദുരോവ് ഫൗൾ ചെയ്തതിനും രണ്ടാമത്തേത് കെയ്നിനെ ക്രിസ്റ്റ്യൻദിമിത്രോവ് ഫൗൾ ചെയ്തതിനുമാണ് ലഭിച്ചത്. 40 മത്സരങ്ങളിൽ നിന്നുള്ള കെയ്നിന്റെ ഇരുപത്തിയഞ്ചാം ഗോളായിരുന്നു ഇത്. 55-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്.ട ഈ ജയത്തോടെ മൂന്ന് കളികളിൽ നിന്ന് ഒൻപത് പോയിന്റോടെ ഗ്രൂപ്പ് എയിൽ മുന്നിട്ടുനിൽക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളിൽ നിന്ന് രണ്ട് പോയിന്റുള്ള ബൾഗേറിയ ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരാണ്. കിങ്സ്ലി കോമന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ഫ്രാൻസ് അൽബേനിയയെ ഒന്നിനെതിരേ നാലു ഗോളിന് തകർത്തത്. 8, 68 മിനിറ്റുകളിലായിരുന്നു കോമന്റെ ഗോളുകൾ. ഇരുപത്തിയേഴാം മിനിറ്റിൽ ജിറൗഡും എൺപത്തിയഞ്ചാം മിനിറ്റിൽ ജൊനാഥൻ ഇക്കോണെയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. തൊണ്ണൂറാം മിനിറ്റിൽ സൊകോൾ സിക്കലേഷിയാണ് പെനാൽറ്റിയിലൂടെ അൽബേനിയയുടെ ആശ്വാസഗോൾ നേടിയത്. അഞ്ച് കളികളിൽ നിന്ന് പന്ത്രണ്ട് പോയിന്റുള്ള ഫ്രാൻസ് ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ്. അഞ്ച് കളികളിൽ നിന്ന് ആറു പോയിന്റുള്ള അൽബേനിയ നാലാമതാണ്. സെർബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോൽപിച്ച പോർച്ചുഗൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തി. വില്ല്യം കർവാലോ, ഗോൺസാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടത്. സെർബിയക്കുവേണ്ടി മിലെൻകോവിച്ചും മിത്രോവിച്ചും ഗോൾ നേടി. മൂന്ന് കളികളിൽ നിന്ന് മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിന്റാണ് പോർച്ചുഗലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള യുക്രൈയ്നിന് അഞ്ച് കളികളിൽ നിന്ന് പതിമൂന്ന് പോയിന്റുണ്ട്. ലിത്വാനിയയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് യുക്രൈയ്ൻ ലീഡുറപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ കൊസോവോ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരേ രണ്ട് ഗോളിനും ഐസ്ലൻഡ് മോൾഡോവയെ ഏകപക്ഷീയമായ മൂന്ന് ഗോളിനും തുർക്കി അൻഡോറയെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപിച്ചു. Content Highlights:England, France And Portugal Scripts Thumping wins in European Championship qualifying Round Soccer
from mathrubhumi.latestnews.rssfeed https://ift.tt/314pqB5
via
IFTTT