തിരുവനന്തപുരം: പാറശ്ശാല സ്വദേശിയായ ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതല്ലെന്ന സി.ബി.ഐ. റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ശ്രീജിവ് ആത്മഹത്യചെയ്തതാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് സി.ബി.ഐ. അറിയിച്ചത്. എന്നാൽ, കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം ഹാജരാക്കേണ്ടിയിരുന്ന പതിനഞ്ചോളം പ്രധാന രേഖകൾ സി.ബി.ഐ. ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണത്താലാണ് കോടതി റിപ്പോർട്ട് തള്ളിയത്. ശ്രീജിവ് പോലീസ് കസ്റ്റഡിയിൽ വിഷംകഴിച്ചു മരിച്ചെന്ന പോലീസ് നിഗമനത്തെ സി.ബി.ഐ.യും ശരിവച്ചിരുന്നു. എന്നാൽ, ശ്രീജിവിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ശ്രീജിവിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് വർഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലുമാണ്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് സി.ബി.ഐ. അന്വേഷിച്ചത്. വർഷങ്ങൾ പിന്നിട്ട ശ്രീജിത്തിന്റെ സമരം പൊതുസമൂഹം ഏറ്റെടുത്തപ്പോൾ, സർക്കാരും സി.ബി.ഐ. അന്വേഷണത്തിന് എതിരുനിന്നില്ല. 2014 മേയ് 21-നാണ് ശ്രീജിവ് മരിച്ചത്. പോലീസ് ലോക്കപ്പിലായിരുന്ന പ്രതി, അടിവസ്ത്രത്തിനുള്ളിൽ ഒളിച്ചുകടത്തിയ വിഷം കഴിച്ചു മരിച്ചെന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് മർദ്ദനത്താലാണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. പോലീസ് ഉദ്യോഗസ്ഥർ പ്രതികളായതിനാൽ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. content highlights:Sreejeev death case CBI report
from mathrubhumi.latestnews.rssfeed https://ift.tt/2A1o5id
via
IFTTT