ഗുരുവായൂർ: നിറദീപങ്ങൾ തെളിഞ്ഞ ശ്രീലകത്തേക്ക് നോക്കി കൗതുകപൂർവം മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു ''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്...'' ഈ സമയത്ത് പീലിത്തിരുമുടിചാർത്തി, പൊന്നോടക്കുഴലുമായി പുഞ്ചിരിതൂകുന്ന ബാലരൂപമായിരുന്നു ഗുരുവായൂർകണ്ണന്. ഗുരുവായൂർ അമ്പലനടയിൽ ആദ്യമായാണ് പിണറായി വിജയനെത്തിയത്. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികിൽ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി, ക്ഷേത്രകാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിനുസമീപം ടെമ്പിൾ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനാണ് മുഖ്യമന്ത്രിയെത്തിയത്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂർക്ഷേത്രനടയ്ക്കരികിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികിൽ തെക്കേ ഗോപുരനടയിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഗുരുവായൂർ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ആനത്രയമുണ്ടായിരുന്നു. പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. നേരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച് കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങൾ അപൂർവമാണെന്ന് താൻ പറഞ്ഞപ്പോഴാണ് തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചതെന്ന് മോഹൻദാസ് പറഞ്ഞു. ഗുരുവായൂരെന്നത് ഭക്തർക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. Content Highlights:CM Pinarayi Vijayan Visit Guruvayoor Temple
from mathrubhumi.latestnews.rssfeed https://ift.tt/2mILP7L
via
IFTTT