ന്യൂഡൽഹി: 2021-ലെ സെൻസസിൽ വിവരശേഖരണം നടത്തുന്നത് ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പരമ്പരാഗത രീതിയായ കടലാസ്, പേന എന്നിവയിൽനിന്ന് മാറി മൊബൈൽ ആപ്പ് വഴിയായിരിക്കും വിവരശേഖരണം. സെൻസസ് നടപടികൾക്കൊപ്പം ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് ഷാ പറഞ്ഞു.രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മിഷണറുടെയും പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 16 ഭാഷകളിൽ വിവരശേഖരണം നടത്തും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്പ് തദ്ദേശീയമായി വികസിപ്പിക്കും. ഇതിനായി 12,000 കോടി രൂപയാണ് നീക്കിവെക്കുക. ആദ്യമായി മൊബൈൽ ആപ്പ് വഴി നടക്കുന്ന വിവരശേഖരണം സെൻസസ് രംഗത്തെ വൻ വിപ്ലവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 2021-ലെ സെൻസസിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയുടെ ഭാവി ആസൂത്രണം ചെയ്യുന്നതും വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതും. 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വീടുകൾക്കും വൈദ്യുതി, പാചകവാതക കണക്‌ഷൻ, റോഡ് നിർമാണം, ദരിദ്രർക്കുള്ള വീടുകൾ, ശൗചാലയങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി 22 ക്ഷേമപദ്ധതികൾ മോദിസർക്കാർ ആസൂത്രണം ചെയ്തത്. രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരമായതിനാൽ സെൻസസ് ജോലികളിൽ ഏർപ്പെടുന്നത് പുണ്യപ്രവൃത്തിയായി കണ്ട് ആത്മാർഥമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു. സെൻസസിനൊപ്പം തയ്യാറാക്കുന്ന ദേശീയ പൗരത്വരജിസ്റ്റർ അസം പൗരത്വ രജിസ്റ്ററിന്റെ ദേശീയതലത്തിലുള്ള പതിപ്പായിരിക്കുമെന്ന് ഷാ പറഞ്ഞു. ആദ്യമായാണ് ദേശീയാടിസ്ഥാനത്തിൽ പൗരത്വരജിസ്റ്റർ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. bbവിവിധ സേവനങ്ങൾക്ക് ഒറ്റ തിരിച്ചറിയൽകാർഡ് bbന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് വിവിധ ആവശ്യങ്ങൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് എന്ന ആശയവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട്, വോട്ടർകാർഡ് തുടങ്ങിയ എല്ലാ സേവനങ്ങളും ലഭിക്കുന്ന വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡ് അനിവാര്യമാണ്. ‘എല്ലാ ആവശ്യങ്ങൾക്കുമായി ഒറ്റ തിരിച്ചറിയൽ കാർഡ് എന്തുകൊണ്ട് പാടില്ല? ആധാർ, പാസ്പോർട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ കാർഡ് എന്നിവയിലെ വിവരങ്ങളെല്ലാം ഒറ്റകാർഡിൽ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം’’ -അമിത് ഷാ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2mczpok
via
IFTTT