ലാഹോർ: പാകിസ്താൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ അബ്ദുൾ ഖാദിർ (63) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഖാദിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എൺപതുകളിൽ ഇമ്രാൻ ഖാൻ നയിച്ച പാക് ടീമിന്റെ ബൗളിങ് നെടുന്തൂണായിരുന്നു ഖാദിർ. പാകിസ്താനുവേണ്ടി 67 ടെസ്റ്റും 104 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഖാദിർ 368 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഏറെ ശ്രദ്ധേയമായിരുന്നു ഖാദിറിന്റെ ആംഗുലർ ബൗളിങ് ആക്ഷൻ. സമാനതകളില്ലാത്ത ഈ ബൗളിങ് ആക്ഷനെ അനുകരിച്ചാണ് പിൽക്കാലത്ത് പാക് സ്പിന്നിന്റെ നട്ടെല്ലായിരുന്നു മുഷതാഖ് അഹമ്മദ് ശ്രദ്ധേയനായത്. ജാവേദ് മിയാൻദാദിന്റെ അഭാവത്തിൽ അഞ്ച് അന്താരാഷ്ട്ര ഏകദിനങ്ങളിൽ പാക് ടീമിനെ നയിച്ചിട്ടുണ്ട്. ഇതിൽ നാല് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഖാദിറിനെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഒരു പ്രദർശന മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ കൈയിൽ നിന്നേറ്റ പ്രഹരമാണ്. പലകുറി ഖാദിർ തെറിവിളിച്ചെങ്കിലും അക്ഷോഭ്യനായി നിന്ന് വെട്ടിക്കെട്ട് ഉതിർക്കുകയായിരുന്നു അന്ന് പതിനാറുകാരനായ സച്ചിൻ. പാക് ക്രിക്കറ്റ് അധികാരികളെ നിരന്തരമായി വിമർശിച്ചിരുന്നെങ്കിലും 2009ൽ പാക് ടീമിന്റെ ചീഫ് സെലക്ടറായി നിയമിതനായിരുന്നു ഖാദിർ. ഈ ടീമാണ് ഇംഗ്ലണ്ടിൽ നടന്ന ടി20 ലോകകപ്പ് നേടിയത്. എന്നാൽ, അന്നത്തെ പേസ് ബൗളർ ഷൊയകിബ് അക്തറിനെ ടീമിലെടുക്കാത്തതിന്റെ പേരിൽ പി.സി.ബി ചെയർമാൻ ഇജാസ് ബട്ടുമായി ഉടക്കി ടൂർണമെന്റിന്റെ പാതിവഴിയിൽ ചീഫ് സെലക്ടർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു ഖാദിർ. ഏറെക്കാലം കമന്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മകളും നാല് ആൺമക്കളുമാണുള്ളത്. മകൾ വിവാഹം കഴിച്ചിരിക്കുന്നത് ബാറ്റ്സ്മാൻ ഉമർ അക്മലിനെയാണ്. നാല് ആൺമക്കളും ക്രിക്കറ്റ് താരങ്ങളാണ്. എനിക്കൊരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിയും മുൻ നായകനുമായ ഇമ്രാൻ ഖാൻ പ്രതികരിച്ചത്. Content Highlights:Former Pakistan Leg Spinner Abdul Qadir Dies Of Cardiac Arrest
from mathrubhumi.latestnews.rssfeed https://ift.tt/2ZR1bVy
via
IFTTT