കൊച്ചി: എസ്കോർട്ട് സൈറ്റുകളിൽ വീണ് പതിനായിരങ്ങൾ കളഞ്ഞ് മലയാളി യുവാക്കൾ. തട്ടിപ്പിനിരയായവരിൽ പലരും പരാതിപറയാനും തയ്യാറാകുന്നില്ല. 24,000 രൂപ നഷ്ടമായ ഒരാൾ കൊച്ചി സിറ്റി സൈബർ സെല്ലിൽ പരാതിനൽകിയതോടെയാണ് തട്ടിപ്പ് പോലീസ് മനസ്സിലാക്കിയത്. ഗൂഗിളിൽ എസ്കോർട്ട് സൈറ്റുകൾ തിരയുന്നവർക്കുമുന്നിൽ കേരളം, മലയാളി തുടങ്ങിയ പേരുകളിൽ തുടങ്ങുന്ന വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടും. ഒരു മൊബൈൽ നമ്പറും നൽകിയിട്ടുണ്ടാകും. ഇതിൽ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. മലയാളികൾതന്നെയാണ് ഫോൺ എടുക്കുക. ഒരുപാട് പെൺകുട്ടികൾ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓൺലൈനിൽ അടയ്ക്കുന്നതോടെ ഫോട്ടോ നൽകും. തുടർന്ന് പെൺകുട്ടിക്കായി മുൻകൂട്ടി അഡ്വാൻസ് നൽകണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാൻസ് നൽകിയാൽ പെൺകുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാൻസ് വാങ്ങുന്നത്. പണം നൽകി ഇവർ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോൺവിളിയെത്തും. ആവശ്യപ്പെട്ട പെൺകുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതൽ പണം നൽകിയാൽ വേറെ പെൺകുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. ചിലരിതിൽ വീഴും. പണം അയച്ചുകഴിഞ്ഞാൽ പിന്നെ ഇവരെ വിളിച്ചാൽ ഫോണെടുക്കില്ല. പുറത്തുപറഞ്ഞാൽ നാണക്കേടായതിനാൽ പലരും പരാതിപ്പെടാറില്ല. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പണം നഷ്ടമായ വിവരം പരാതിനൽകാറുള്ളതെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. Content Highlights:Escort sites, girls and boys, online sex racket, Kerala,Fraud cases, Kochi
from mathrubhumi.latestnews.rssfeed https://ift.tt/34usQPA
via
IFTTT