ആലോചിച്ചിട്ട് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു വയസ്സുള്ള കൊച്ചു കുഞ്ഞ് ജീപ്പിൽ നിന്ന് വീഴുന്നു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന വെച്ചു നോക്കിയാൽ രാത്രി 9.42 നാണ് സംഭവം. ഒരു വയസ്സുള്ള കുഞ്ഞെന്നു പറയുമ്പോൾ മാതാപിതാക്കളുടെ മടിയിലായിരിക്കണം കുഞ്ഞുണ്ടായിരുന്നത്. പക്ഷേ, കുഞ്ഞ് വീഴുന്നത് അവരറിയുന്നില്ല. പഴനിയിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു കുടുംബമെന്നാണ് വിവരം. ദീർഘയാത്രയാവുമ്പോൾ വണ്ടിയിലിരുന്നാലും ഉറങ്ങിപ്പോവും. പക്ഷേ, ഇടുക്കിയിലെ റോഡുകളുടെ സ്വഭാവം അറിയാവുന്നവർക്കറിയാം അങ്ങിനെ എല്ലാം മറന്നുകൊണ്ടുള്ള മയക്കം എളുപ്പമല്ലെന്ന്. ഒരു നൂലു പിടിച്ചാലെന്ന പോലെ നേർക്ക് നേർ പോകുന്ന റോഡുകളല്ല ഇടുക്കിയിലേത്. വളഞ്ഞും പുളഞ്ഞും പോകുന്ന നല്ല കിടിലൻ റോഡുകൾ. ഇപ്പോൾ കേരളത്തിലെ റോഡുകളുടെ അവസ്ഥയനുസരിച്ച് കൂനിന്മേൽ കുരുവെന്ന പോലെ നല്ല ഒന്നാന്തരം കുഴികളും റോഡിലുണ്ടാവുമെന്നുറപ്പാണ്. എന്നിട്ടും ഏകദേശം 40 കിലോമിറ്റർ കഴിഞ്ഞ് വീടിനടുത്തെത്തിയപ്പോഴേ വീട്ടുകാർ കുട്ടി ജീപ്പിലില്ലെന്ന കാര്യം അറിയുന്നുള്ളു. ഒന്നുകൂടി ആലോചിച്ചു നോക്കിയാൽ ഇതിലൊന്നും വലുതായി ഞെട്ടാനോ അത്ഭുതപ്പെടാനോ വകയുണ്ടെന്നു തോന്നുന്നില്ല. മാതാപിതാക്കൾ ശൂന്യതയിൽ നിന്നും പൊട്ടി മുളയ്ക്കുന്നവരല്ല. ഈ സമൂഹത്തിൽ തന്നെയുള്ളവരാണ്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ കുലപതിയായിരുന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസ് എഴുതുകയും പറയുകയും ചെയ്തിട്ടുള്ള ഒരു കാര്യമുണ്ട്. തന്റെ നോവലുകളിലെ മാജിക്കൽ റിയലിസം എന്ന പരിപാടിയെക്കുറിച്ചാണ് മാർക്കേസ് പറഞ്ഞത്. തീർത്തും അസ്വാഭാവികമെന്നും അസാധാരണമെന്നും തോന്നിപ്പിക്കുന്ന സംഭവങ്ങൾ മാർക്കേസിന്റെ നോവലുകളിലുണ്ട്. ലാറ്റിനമരേിക്കയെക്കുറിച്ച് അറിയുന്നവർക്ക് ഈ സംഗതികളിൽ അത്ര വലിയ അത്ഭുതമൊന്നുമുണ്ടാവില്ലെന്നാണ് മാർക്കേസ് പറഞ്ഞത്. മക്കൊണ്ട എന്ന പേരിലുള്ള ഒരു നാട് സ്വയം സൃഷ്ടിച്ചിട്ടാണ് മാർക്കെസ് തന്റെ വിചിത്ര സ്വഭാവക്കാരായ കഥാപാത്രങ്ങളെ കുടിയിരുത്തിയത്. മക്കൊണ്ട ഒരു സാങ്കൽപിക ദേശമാണ്. പക്ഷേ, ഇത്തരം ദേശങ്ങൾ ഇവിടെ നമ്മുടെയിടയിലുമുണ്ടെന്നതാണ് യാഥാർത്ഥ്യം. സർറിയലിസം ലാറ്റിനമേരിക്കൻ തെരുവകളിലെ നിത്യക്കാഴ്ചയാണെന്നാണ് മാർക്കെസ് വ്യക്തമാക്കിയത്. ഒരു ദിവസം തന്റെ വീട്ടിൽ തന്നെയുണ്ടായ ഒരു സംഭവം മാർക്കെസ് തന്നെ വിവരിച്ചിട്ടുണ്ട്. ഒരു വൈകുന്നേരം ഒരു ഇലക്ട്രീഷ്യൻ മാർക്കെസിന്റെ വീട്ടിലേക്ക് വരുന്നു. എന്താണ് കാര്യമെന്ന് മാർക്കെസിന്റെ ഭാര്യ ചോദിച്ചപ്പോൾ ഇലക്ട്രീഷ്യൻ പറയുന്നു വീട്ടിലെ തെപ്പുപെട്ടി നന്നാക്കാൻ വന്നതാണെന്ന്. തന്റെ തേപ്പുപെട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും താൻ ഒരു ഇലക്ട്രീഷ്യനെയും വിളിച്ചിട്ടില്ലെന്നും പറഞ്ഞ് മാർക്കെസിന്റെ ഭാര്യ ഇലക്ട്രീഷ്യനെ തിരിച്ചയക്കുന്നു. കുറച്ചു കഴിഞ്ഞ് മാർക്കെസിന്റെ ഭാര്യ തേപ്പുപെട്ടി ചൂടാക്കാൻ സിച്ച് ഓൺ ചെയ്യുന്നു. പൊടുന്നനെ തേപ്പുപെട്ടിയുടെ കോയിൽ കത്തിപ്പോവുന്നു. തേപ്പുപെട്ടിക്ക് പ്രശ്നമുണ്ടെന്ന് ഇലക്ട്രീഷ്യൻ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് മാർക്കെസ് ഇതെക്കുറിച്ച് എഴുതിയത്. സാധാരണ മനുഷ്യർക്ക് അത്ഭുതമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ ചില ദേശങ്ങളിൽ അത്ഭുതമേയല്ല എന്നതാണ് വാസ്തവം. അല്ലെങ്കിൽ ഇവിടെ നമ്മുടെ ചുറ്റും തന്നെ ഒന്നു നോക്കൂ. സഡൻ ബ്രേക്കിടുന്ന പോലെയാണ് ഒരു ദേശത്തെ തന്നെ വഴിയിലിറക്കി വിട്ടത്. വണ്ടിയിൽ നിന്നും വീണ ആ കുഞ്ഞ് ഇപ്പോഴും വഴിയിൽ തന്നെയാണ്. എവിടെയൊക്കെയോ പരിക്കുകളുണ്ടെന്നല്ലാതെ അവ എത്രമാത്രം ആഴത്തിലുള്ളതാണെന്നോ ഏതു തരത്തിലുള്ള പരിക്കുകളാണെന്നോ പോലും അറിയില്ല. പല സുപ്രധാന കാര്യങ്ങളും രാത്രിയിലാണ് സംഭവിക്കുന്നതെന്നതും യാദൃശ്ചികമാവില്ല. വർഷങ്ങൾക്കു മുമ്പ് ഒരർദ്ധരാത്രിയിലാണ് രാജ്യം സ്വാതന്ത്ര്യത്തിലേക്കുണർന്നത്. അതുപോലെ തന്നെ ഒരർദ്ധ രാത്രിയിലാണ് രാജ്യം സ്വാതന്ത്യ നിഷേധത്തിലേക്കും വീണത്. അന്ന് വീഴ്ത്തിയവർ വീഴ്ചയറിയാൻ ഒന്നൊന്നര വർഷത്തോളം എടുത്തു. പിന്നീട് ഇതുപോലൊരു വീഴ്ചയും രാത്രിയിലാണുണ്ടായത്. രാജ്യത്തെ ഖജനാവിന് തീകൊടുക്കുന്ന പോലൊരു പരിപാടിയായിരുന്നു അത്. ആ കലാപരിപാടിയുടെ പ്രത്യാഘാതങ്ങൾ രാജ്യം അനുഭവിച്ചു തുടങ്ങുന്നതേയുള്ളുവെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. അതും കഴിഞ്ഞ് എത്രയെത്ര വീഴ്ചകൾ. പെരുവഴിയിലും ഇടവഴിയിലുമൊക്കെയായി വീണുപോയ കുഞ്ഞുങ്ങൾ. ഈ കുഞ്ഞുങ്ങൾ ഇപ്പോൾ ഇഴയുന്നുണ്ടോ എന്നു പോലും അറിയില്ല. കരയുന്നുണ്ടോ എന്ന് കേൾക്കാൻ നമ്മുടെ ചെവികൾക്കാവുന്നുമില്ല. വഴിയിൽ കേട്ടത് : ഇടുക്കിയിലെ കുഞ്ഞിനെ സർവ്വേശ്വരൻ രക്ഷിച്ചു. വടക്കേയറ്റത്തുള്ള കുഞ്ഞിനെയും സർവ്വേശ്വരൻ തന്നെ കാത്തിടട്ടെ. content highlights: vazhipokkan,one year-old baby girl fell from the vehicle-Miraculously escaped-idukki rajamala
from mathrubhumi.latestnews.rssfeed https://ift.tt/34CgMvt
via
IFTTT